12 May, 2022 01:53:40 PM


യുവതിയെ കൊന്ന് മൃതദേഹം കത്തിക്കാൻ പോകവെ അപകടം; നാല് പേര്‍ പിടിയില്‍



ബംഗളൂരു: 21 കാരിയായ യുവതിയുടെ മൃതദേഹം ആരുമറിയാതെ കത്തിക്കാൻ ബൈക്കിൽ പുറപ്പെട്ടവരെ പൊലീസ് കയ്യോടെ പിടികൂടി. രഘു (30), ദുർഗ (28) എന്നീ ദമ്പതികളും അവരുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിക്കപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചന്നപട്ടണയിലെ ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായിരുന്നു നാൽവർ സംഘത്തിന്‍റെ പദ്ധതി. മൃതദേഹവുമായി ബൈക്കിൽ പോയ ഇവർ രാമനഗരയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുന്നിൽ അപകടത്തിൽ പെടുകയായിരുന്നു.

ബെംഗളൂരുവിലെ ആർ ആർ നഗർ സ്വദേശിനിയായ സൗമ്യയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അയൽവാസികളായ രഘുവിന്‍റെയും  ദുർഗയുടെയും പക്കൽ നിന്നും കടം വാങ്ങിയ പണത്തെച്ചൊല്ലി ഇവർ തമ്മിൽ തർക്കം നടന്നിരുന്നു. ഇത് രൂക്ഷമായതിനെ തുടർന്ന് നടന്ന സംഘർഷത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യയും രഘുവും തമ്മിൽ ഇതേ വിഷയത്തിൽ മുൻപും തർ‌ക്കം നടന്നിരുന്നു എന്നും പൊലീസ് പറയുന്നു. 

എട്ട് മണിക്കൂറോളം രഘുവും ദുർ​ഗയും മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചു. പിന്നീട് ചന്നപട്ടണയിലെ ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് മൃതദേഹം കത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കളായ നാഗരാജ് (18), വിനോദ് (19) എന്നിവരുടെ സഹായവും ഇവർ തേടിയെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവർ ചന്നപട്ടണയിലേക്ക് രണ്ട് ബൈക്കുകളിലായി യാത്ര തുടങ്ങിത്.

40 കിലോമീറ്റർ സഞ്ചരിച്ച് പുലർച്ചെ രണ്ട് മണിയോടെയാണ് ഇവർ രാമനഗര ടൗണിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തിയത്. വിനോദും നാ​ഗരാജുമാണ് മൃതദേഹം പിടിച്ചിരുന്നത്. മൃതദേഹവുമായി ഇരുവരും ബൈക്ക് മറിഞ്ഞ് താഴെ വീഴുകയായിരുന്നു. വഴിയാത്രക്കാരും പട്രോളിംഗ് സംഘവും സ്ഥലത്തെത്തി മൂന്നുപേരെയും രാമനഗര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇതിനിടെ, രഘുവും ദുർ​ഗയും രാമ​ന​ഗര കടന്നുപോയിരുന്നു. അപകടത്തെക്കുറിച്ച് അറിയാതെ ഇവർ ചന്നപട്ടണയ്ക്ക് സമീപം കാത്തിരിപ്പ് തുടർന്നു.

ഡ്യൂട്ടി ഡോക്ടർ സൗമ്യയുടെ മൃതദേഹം പരിശോധിച്ചപ്പോളാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. എട്ട് മണിക്കൂർ മുൻപേ സൗമ്യ മരിച്ചതാണെന്ന് ഡോക്ടർ പറഞ്ഞതോടെ നാൽവർ സംഘത്തിന്റെ പദ്ധതി വെളിച്ചത്തു വരികയായിരുന്നു. വിനോദിനെയും നാഗരാജിനെയും പിടികൂടിയ പൊലീസ് അവരെക്കൊണ്ടു തന്നെ രഘുവിനെയും ദുർ​ഗയെയും വിളിച്ചു. ദമ്പതികൾ എവിടെയാണെന്ന് കണ്ടെത്തിയ പൊലീസ് അവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

സൗമ്യ പണം കടം വാങ്ങിയതാണോ അതോ മോഷ്ടിച്ചതാണോ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. സൗമ്യ മരിച്ചു കിടക്കുമ്പോൾ തന്നെ അവളുടെ മാതാപിതാക്കൾ സൗമ്യയെ അന്വേഷിച്ച് രഘുവിന്റെയും ​ദുർ​ഗയുടെയും വീട്ടിൽ എത്തിയിരുന്നു. എന്നാൽ സൗമ്യയുടെ മൃതദേഹം അവരുടെ മുറിയിൽ കിടന്നിട്ടും രഘുവും ദുർഗയും അവൾ എവിടെയാണെന്ന് അറിഞ്ഞില്ലെന്ന് നടിക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K