03 May, 2022 05:39:50 PM


അടുത്ത 5 ദിവസം മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും



തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടുക്കിയിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച മലപ്പുറത്തും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ പെയ്യാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് ആറോടെ ഇത് ന്യൂനമര്‍ദ്ദമായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം, കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K