03 July, 2016 10:47:32 PM


കള്ളപ്പണനിക്ഷേപം: യുകെ ഒന്നാമത്, ഇന്ത്യയുടെ സ്ഥാനം 75 ആയി താഴ്ന്നു



ദില്ലി : സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്ന പൗരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 75 ആയി താഴ്ന്നു. പട്ടികയില്‍ യുകെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 61 ആയിരുന്നു. സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തുന്ന കള്ളപ്പണ നിക്ഷേപത്തില്‍ ഇടിവുണ്ടായതാണ് സ്ഥാനമാറ്റത്തിനു കാരണം. 1996 മുതല്‍ 2007 വരെ പട്ടികയില്‍ ആദ്യത്തെ അന്‍പതിനുള്ളിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. 2004 ല്‍ മുപ്പത്തിയേഴാമതായിരുന്നു ഇന്ത്യ.


നികുതി വെട്ടിക്കാന്‍ സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഇന്ത്യ അടക്കം പല രാജ്യങ്ങളും നടപടി ശക്തമാക്കിയതാണ് നിക്ഷേപം കുറയാന്‍ കാരണമായതത്രേ. സ്വിസ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട പുതിയ കണക്കു പ്രകാരം ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള നിക്ഷേപത്തില്‍ നാലു ശതമാനം (ഏകദേശം 98 ലക്ഷം കോടി രൂപ) ഇടിവുണ്ടായിട്ടുണ്ട്. വിദേശ പൗരന്‍മാരില്‍ നിന്നുള്ള നിക്ഷേപത്തിന്റെ 25 ശതമാനം യുകെയില്‍ നിന്നാണ്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസ്, ജര്‍മനി, ബെഹമാസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിടുണ്ട്. 69-ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍‍. നിക്ഷേപമുള്ള ബ്രിക്സ് രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുടെ സ്ഥാനം അവസാനമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K