13 April, 2022 11:07:20 AM


വിവാദവിവാഹം കത്തിക്കയറുന്നു: പിന്തുണയുമായി ഡിവൈഎഫ്ഐ; ആശങ്കയിൽ സിപിഎം



കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ യുവനേതാവിനു പൂര്‍ണ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്ത്. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി എം.എസ്.ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. യുവാവിന്‍റെ നടപടി തെറ്റായെന്നു സിപിഎം പ്രാദേശിക നേതാക്കള്‍ നിലപാട് സ്വീകരിക്കുമ്പോഴാണ് പരിപൂര്‍ണ പിന്തുണ നല്‍കി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. 

ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്‌ലിം വിഭാഗത്തില്‍പെട്ട നേതാവ് കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്തത് വലിയ വിവാദത്തിന് ഇട നല്‍കിയിരുന്നു. ലൗ ജിഹാദ് ആരോപണം വരെ ഉയര്‍ന്ന കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുകയും ചെയ്തു.

മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസിനു പരാതി നല്‍കിയിരുന്നു. എന്നാൽ,‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. തുടര്‍ന്നാണ് വലിയ പ്രതിഷേധമുണ്ടായത്.

എന്നാല്‍, ഇന്നലെ താമരശേരി കോടതിയില്‍ ഹാജരായ ഇരുവരും‍ തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നു കോടതിയെ അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നു പെണ്‍കുട്ടിയും അറിയിച്ചതോടെ കോടതി യുവാവിനൊപ്പം പോകാന്‍ പെണ്‍കുട്ടിയെ അനുവദിക്കുകയും ചെയ്തു.

അതേസമയം, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ ഷെജിന്‍ പാർട്ടിയെ അറിയിക്കാതെ പെൺകുട്ടിയുമായി ഒളിച്ചുപോയി വിവാഹം ചെയ്തതു വീഴ്ചയാണെന്നു പാർട്ടി പറയുന്നു. നേതാവിന്‍റെ വിവാഹം ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെയുള്ള മലയോര മേഖലയില്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കുമെന്നും സി പി എം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളും മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസും നേതാവിന്‍റെ നടപടിയെ തള്ളി പറഞ്ഞത്.

ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കു പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാടെന്നു ഡിവൈഎഫ്ഐ കേരള ഘടകത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാൽ, ക്രൈസ്തവ സംഘടനകൾ രൂക്ഷമായ പ്രതികരണവുമായി രംഗത്തുണ്ട്.

ലൗ ജിഹാദ് വിഷയങ്ങൾ കത്തിനിൽക്കുന്പോൾ വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്തതു നിസാരമായി കാണാനാവില്ലെന്നാണ് സംഘടനകളുടെ നിലപാട്. വ്യത്യസ്ത നിലപാടുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയ സാഹചര്യത്തിൽ വിശദീകരണം നൽകാൻ സിപിഎം യോഗം നടത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K