22 March, 2022 11:51:28 AM


ഇരട്ട പ്രഹരം: ഇന്ധന വിലയും പാചകവാതകവിലയും വർധിപ്പിച്ചു



കൊച്ചി: ഇന്ധന വിലയും പാചകവാതകവിലയും വർധിപ്പിച്ച് ജനങ്ങളുടെ മേല്‍ ഇരട്ട പ്രഹരം. ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. 

അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല.

അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയും കൂട്ടി.അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K