13 March, 2022 05:08:23 PM


കെ സി വേണുഗോപാലിനെ മാറ്റണമെന്ന് ജി-23 നേതാക്കള്‍; പിന്തുണച്ച് ഉമ്മന്‍ ചാണ്ടിയും



ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ കെ സി വേണുഗോപാലിനെതിരായ തിരുത്തല്‍വാദി നേതാക്കളുടെ വിയോജിപ്പ് ശക്തം. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും കെ സി വേണുഗോപാലിനെ നീക്കണമെന്നാണ് ജി-23 നേതാക്കളുടെ ആവശ്യം. കെ സി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യത്തെ ഉമ്മന്‍ ചാണ്ടിയും പിന്തുണച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കെ സി വേണുഗോപാലിന്‍റെ ഇടപെടലാണെന്നാണ് ഉമ്മന്‍ ചാണ്ടി സൂചിപ്പിക്കുന്നത്. 

എന്നാല്‍ രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ക്കപ്പുറം കെ സി വേണുഗോപാലിനെ വ്യക്തിപരമായി ആക്രമിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി എതിര്‍പ്പറിയിക്കുകയും ചെയ്തിരുന്നു. നേതൃതലത്തില്‍ സമൂലമായ മാറ്റം വേണമെന്നാണ് ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്ന് അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിക്ക് എ കെ ആന്‍റണിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പിന്തുണ അറിയിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി അധ്യക്ഷനാകുന്നതിനെ പിന്തുണയ്ക്കുമ്പോഴും പുനസംഘടന എന്ന ഉപാധി കൂടി ജി-23 നേതാക്കള്‍ മുന്നോട്ടുവെക്കാനിടയുണ്ട്. ജനറല്‍ സെക്രട്ടറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടായിട്ടുണ്ട്. 2014 മുതല്‍ പരാജയം പഠിക്കാന്‍ നിയോഗിച്ച സമിതികളെല്ലാം നേതൃത്വത്തിന്‍റെ വീഴ്ചകളിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. തെറ്റുകള്‍ തിരുത്താന്‍ കെ സി വേണുഗാപാലിനടക്കം പല തവണ അവസരം നല്‍കിയതാണ്. തെരഞ്ഞെടുപ്പുകള്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഇത്തവണ കെ സി വേണുഗോപാലിന്‍റെ സാന്നിധ്യമുണ്ടായില്ലെന്നുമാണ് ജി- 23 നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി-23 നേതാക്കള്‍. അധ്യക്ഷപദവി ഒഴിയാന്‍ സോണിയാ ഗാന്ധി തയാറായാല്‍ എതിര്‍ക്കേണ്ടെന്നാണ് ജി 23 നേതാക്കളുടെ തീരുമാനം. ശശി തരൂരിനെയോ മുകുള്‍ വാസ്‌നിക്കിനെയോ അധ്യക്ഷനായി നിര്‍ദേശിക്കുമെന്നും സൂചനയുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ സോണിയ ഗാന്ധി അധ്യക്ഷയായ സമയത്തുണ്ടായിരുന്ന പ്രവര്‍ത്തന രീതിയാണ് ജി-23 നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ പാര്‍ട്ടിയുടെ ശത്രുക്കളല്ലെന്നുമാണ് ഈ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K