06 March, 2022 03:14:53 PM


പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ വേറിട്ട അനുശോചന സന്ദേശവുമായി ശോഭാ സുരേന്ദ്രൻ



തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ വേറിട്ട അനുശോചന സന്ദേശവുമായി ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയ വിയോജിപ്പുകളോട് തുല്യത ഇല്ലാത്ത സൗമ്യപ്രതികരണത്തിന്റെ അന്തസ്സ് പ്രകടിപ്പിച്ച നേതാവിനെയാണ് ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമായതെന്ന് അവർ ഫേസ്ബുക് പേജിൽ കുറിച്ചു.

"രാഷ്ട്രീയ വിയോജിപ്പുകളോട് തുല്യത ഇല്ലാത്ത സൗമ്യപ്രതികരണത്തിന്റെ അന്തസ്സ് പ്രകടിപ്പിച്ച നേതാവിനെയാണ് ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമാകുന്നത്. വിശ്വസിച്ച മൂല്യങ്ങളോടുള്ള പ്രതിബദ്ധത നല്‍കിയ തലയെടുപ്പും എല്ലാ മനുഷ്യരിലും നന്മയുടെ വെളിച്ചം കാണുന്ന വിനയവും ഒത്തുചേര്‍ന്ന അപൂര്‍വ മഹാരഥന്മാരുടെ നിരയിലാണ് പാണക്കാട്ടെ തങ്ങമ്മാരുടെ സ്ഥാനം എന്ന് ആവര്‍ത്തിച്ച് കാണിച്ചു തന്നവരിലൊരാള്‍. ഹൃദയവേദനയോടെ ആ മഹദ് വ്യക്തിത്വത്തിനു വിട പറയുന്നു.

ഭാരതീയ  ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളുമായി ഒരുവിധ അടുപ്പവും ഇല്ലാത്ത രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളെയാണ് ആദരണീയനായ തങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഒരിക്കലും സമൂഹത്തില്‍ അന്തഛിദ്രം ഉണ്ടാക്കാന്‍ ഉതകുന്ന വിധമുള്ള ആഹ്വാനങ്ങള്‍ക്ക് ആ വിയോജിപ്പുകള്‍ അദ്ദേഹം കാരണമാക്കിയില്ല. ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും വിദ്വേഷത്തിന്റെ കണികയില്ലാതെ പ്രകടിപ്പിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തി എന്നത് അനുഭവമാണ്; നിസ്സാരമല്ലാത്ത ജാഗ്രതയായിരുന്നു അത്.
മാതൃകാ പൊതുജീവിതത്തിന്റെ കാലാതിവര്‍ത്തിയായ ഉദാഹരണമായി പാണക്കാട് തങ്ങളുടെ ജീവിതം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഈ വിയോഗവേദന താങ്ങാനുള്ള കരുത്ത് സര്‍വേശ്വരന്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K