27 February, 2022 12:58:27 PM


'യുക്രൈനും റഷ്യയ്ക്കും സഹായം': ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു



ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈനും റഷ്യയ്ക്കും സംഭാവന തേടിക്കൊണ്ടുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധിച്ചത്. യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ട്വീറ്റ് നദ്ദയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അല്‍പ്പ സമയത്തിനകം തന്നെ റഷ്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ട്വീറ്റും ഇതേ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.

യുദ്ധഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കൂ എന്നാവശ്യപ്പെട്ടതിന് ശേഷം ക്രിപ്റ്റോ കറന്‍സി, ബിറ്റ്കോയിന്‍ തുടങ്ങിയവ വഴി സംഭാവന നല്‍കാനുമാണ് ട്വീറ്റ് ആഹ്വാനം ചെയ്തത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കം അവ അപ്രത്യക്ഷമായി. അല്‍പസമയത്തിനകം തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചു. നദ്ദയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ട്വിറ്ററിനോട് വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുവര്‍ഷം മുമ്പ് ഇതിന് സമാനമായി പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K