21 February, 2022 03:25:15 PM


ദിലീപിന്‍റെ ഹർജിയിൽ‌ നടിയെ കക്ഷി ചേർത്തു; തുടരന്വേഷണം കേസ് നീട്ടാനെണ് ദിലീപ്



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം ഇപ്പോള്‍ തെറ്റായ രീതിയിലാണെന്നാണ് ദിലീപ് ഉയര്‍ത്തുന്ന പ്രധാന വാദം. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാനാണ് നടി അപേക്ഷ നല്‍കിയിരുന്നത്.

തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ടതില്ല. സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്‍റെ ആക്ഷേപം. തുടരന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K