15 February, 2022 01:06:42 PM


ജീവനക്കാർക്ക് കൈക്കൂലി; കാലിക്കറ്റ് സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് ഇന്ന്



കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാർ കൈക്കൂലി വാങ്ങിയ സംഭവം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് ചേരും. വ്യാജ ചെല്ലാൻ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ വിഷയം പോലീസിന് കൈമാറിയേക്കും.

സർവകലാശാല പരീക്ഷാഭവൻ ജീവനക്കാർ കോഴവാങ്ങിയ സംഭവത്തിൽ തുടർ നടപടികൾ തീരുമാനിക്കാനാണ് സിൻ്റിക്കേറ്റ് യോഗം ചേരുന്നത്.ചെല്ലാൻ രസീതിൽ കൃത്രിമം കാണിക്കൽ, വ്യാജ ചെല്ലാൻ ഉപയോഗിക്കൽ,ഫോൾസ് നമ്പറിങ് ഇല്ലാതെ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നൽകി ക്രമക്കേടു നടത്തൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് യൂണിവേഴ്സിറ്റി തീരുമാനം.ഏതെങ്കിലും തരത്തിൽ യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക നഷ്ട്ടം സംഭവിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.

നിലവിൽ കോഴിക്കോട്ടെയും തലശ്ശേരിയിലെയും വിദ്യാർത്ഥികളുടെ പരാതിയിലാണ് പരീക്ഷാഭവനിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഡോ. സുജിത്കുമാർ, അസിസ്റ്റന്റ് എം.കെ. മൻസൂർ എന്നിവരെ സസ്പെൻ്റ് ചെയതത്.ഇതിൽ മൻസൂർ കൈക്കൂലി വാങ്ങിയതിനു പുറമെ അപേക്ഷകയുടെ ചെല്ലാനിൽ തിരുത്തൽ വരുത്തിയതായും പരാതിയുണ്ട്. പണം കൈപ്പറ്റിയശേഷം സർവകലാശാലാ ഫണ്ടിൽ അടയ്ക്കാതെ വ്യാജ ചെല്ലാൻ നിർമിച്ചത് വലിയ ഗൗരവത്തോടെയാണ് യുണിവേഴ്സിറ്റി കാണുന്നത്.

സുജിത്‌കുമാർ സ്വന്തം അക്കൗണ്ടിൽനിന്നാണ് അപേക്ഷകയുടെ പണമടച്ചത്. അപേക്ഷയുടെ കാര്യങ്ങൾക്കായി മറ്റു സെക്‌ഷനുകളിൽ നേരിട്ടുപോയി ഇടപെട്ടതായും കണ്ടെത്തിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ രണ്ട് പേരും നടത്തിയ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമായി കാണാൻ സർവ്വകലാശാല തയ്യാറാല്ല. പകരം പോലീസ് അന്വേഷണമാണ് നിർദേശിക്കുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K