26 June, 2016 09:56:00 PM


അഞ്ജു ബോബി ജോര്‍ജ് 'ഖേലോ ഇന്ത്യ' ഭരണസമിതി അംഗം



ദില്ലി: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്‍റെ 'ഖേലോ ഇന്ത്യ' പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാക്കി. അഞ്ജുവിനെ കൂടാതെ  ബാഡ്മിന്‍റൺ താരവും കോച്ചുമായ പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


നേരത്തെ, 'ഖേലോ ഇന്ത്യ' പദ്ധതിയിലേക്കുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണത്തിന് അഞ്ജു സമ്മതം അറിയിച്ചിരുന്നു. 'ഖേലോ ഇന്ത്യ' ഭരണസമിതി അംഗം എന്നത് വലിയ ഉത്തരവാദിത്തമാണെന്നും കേരളത്തിലെ താരങ്ങൾക്ക് മികവ് തെളിയിക്കാനാവുന്ന ഇനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അഞ്ജു ബോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 


കേന്ദ്ര കായിക സെക്രട്ടറിയാണ് ആറംഗ ഭരണസമിതിയുടെ ചെയർമാൻ‍. പുരുഷ, വനിതാ കായിക താരങ്ങളുടെ പ്രതിനിധികളായാണ് അഞ്ജു ബോബി ജോർജിനെയും പുല്ലേല ഗോപിചന്ദിനെയും സമിതിയിൽ ഉൾപ്പെടുത്തിയത്. രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ 'ഖേലോ ഇന്ത്യ' എന്ന് പുനര്‍നാമകരണം ചെയ്തത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നത് അടക്കമുള്ളവയുടെ മേല്‍നോട്ടവും ഈ സമിതിക്കാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K