24 January, 2022 11:06:06 AM


അന്നദാനത്തിന്‍റെ മറവിൽ കോടികളുടെ തട്ടിപ്പ്; അഴിമതിക്കാർക്ക് ഉന്നത തസ്തികയില്‍ നിയമനം



പത്തനംതിട്ട: 2018 -19 ലെ ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലന്‍സ്. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്‍റെ പേരിൽ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥർ തട്ടിച്ചെടുത്തെന്നാണ് കണ്ടെത്തൽ. വിജിലൻസ് പ്രതി ചേർത്ത നാലു ഉദ്യോഗസ്ഥർക്കെതിരെ മൂന്നു മാസം പിന്നിട്ടിട്ടും ദേവസ്വം ബോർഡ് ഒരു നടപടിയും എടുത്തില്ല.

കൊല്ലത്തുള്ള ജെപി ട്രേഡേഴ്സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകാൻ കരാറെടുത്തത്. തീർത്ഥാടന കാലം കഴിഞ്ഞ ശേഷം 30,00,900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോ‍ർഡിന് നൽകി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിന് കൂട്ടു നിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെയാണ് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചത്.

30 ലക്ഷം ചെലവാക്കിയ അന്നദാനത്തിൻെറ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്‍റെ മറവിൽ അഴിമതിപ്പണം ബാങ്കിൽ നിന്നും മാറിയതായും കണ്ടെത്തി. ബാങ്കു വഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിന്‍റെ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീർക്കാനും ശ്രമിച്ചു

വ്യാജ രേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലൻസാണ് ആദ്യം കണ്ടത്തിയത്. കണ്ടത്തലുകള്‍ ശക്തമായതിനാൽ ദേവസ്വം ബോർഡ് അന്വേഷണം സംസ്ഥാനത്ത വിജിലൻസിന് കൈമാറാൻ നിർബന്ധിരായി. നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസെടുത്തു. പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇന്നേവരെ ബോർ‍ഡ് കൈകൊണ്ടില്ല. 

കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലു അതും തള്ളി. പക്ഷെ വൻ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരെ തന്ത്രപ്രധാനമായ തസ്തികകളിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോള്‍ നിയമിച്ചത്. അതേസമയം വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരാണന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും ദേവസ്വം പ്രസിഡന്‍റ് കെ.അനന്തഗോപൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K