12 January, 2022 04:42:14 PM


ഭക്ഷണശാലകൾക്ക് റേറ്റിംഗുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്: റേറ്റിംഗ് കുറഞ്ഞാൽ നടപടി

- മൊബൈൽ ആപ്പിലൂടെ പൊതുജനങ്ങൾക്ക് വിലയിരുത്താം



കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി  ജില്ലയിലെ ഭക്ഷണശാലകൾക്ക് റേറ്റിംഗ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഫൈവ് സ്റ്റാർ വരെ റേറ്റിംഗ് നൽകാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വൃത്തിയിലും  ഭക്ഷണത്തിന്റെ ഗുണത്തിലും മാറ്റങ്ങൾ വരുത്തുന്നതിനായി പാചകക്കാർ, വിളമ്പുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് പരിശീലനവും ബോധവൽക്കണവും നൽകും. റേറ്റിംഗ് കൃത്യമായി പരിശോധിക്കുന്നതിനു സംവിധാനമുണ്ടാകും. റേറ്റിംഗ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കും.

സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള 'ഈറ്റ് റൈറ്റ് കാമ്പസ്' പദ്ധതിയിൽ കോട്ടയം കളക്‌ട്രേറ്റ്, കാരിത്താസ് ആശുപത്രി, അരുവിത്തുറ സെന്റ് ജോർജ്ജ് കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജ് എന്നിവയെ ഉൾപ്പെടുത്തി. ഇവിടുത്തെ കാന്റീനുകളിൽ സുരക്ഷിത ഭക്ഷണം മാത്രമാണ് വിൽപ്പന നടത്തുന്നതെന്ന് ഉറപ്പു വരുത്തും. ഇവയുടെ പരിസരത്ത് പ്രവർത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും ജംഗ് ഫുഡ്‌
വിഭാഗത്തിൽപ്പെട്ടവയുടെ വിപണനം തടയും.

ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതി ജില്ലയിൽ വ്യാപകമാക്കും. കാറ്ററിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്ന് പുനരുപയോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുന്നതാണ് പദ്ധതി. ഉപയോഗിച്ച എണ്ണയുടെ നിർമ്മാർജ്ജനം പദ്ധതിയിലൂടെ മാത്രമാക്കും. ഇതിനായി രണ്ട് അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന എണ്ണയുടെ അളവ് സംബന്ധിച്ച വിവരം സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് നൽകണം. ഉപയോഗിച്ച എണ്ണ ശേഖരിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ ഏജൻസികൾ ലഭ്യമാക്കും. കൃത്രിമമായി റിപ്പോർട്ട് നൽകുകയോ പദ്ധതി നടപടികൾ നിരസിക്കുകയോ ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.

വിവിധ കർമ്മ പദ്ധതികളുടെ നടത്തിപ്പു പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർ ഡോ.പികെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ  യോഗം ചേർന്നു. പദ്ധതികളുടെ പ്രാധാന്യം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് വിശദീകരിച്ചു. ഡെപ്യൂട്ടി കമ്മീഷണർ പി. ഉണ്ണികൃഷ്ണൻ നായർ, അസിസ്റ്റന്റ് കമ്മീഷണർ അലക്‌സ് കെ. ഐസക്, കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി ഫിലിപ്പുകുട്ടി കെ.കെ, ബി.എ.കെ..ഇ സംസ്ഥാന സെക്രട്ടറി പ്രേം രാജ്, നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് , ഡോ. ദീപ്തി മധു, ഭക്ഷ്യ സുരക്ഷ ജില്ലാ നോഡൽ ഓഫീസർ ഡോ. അക്ഷയ വിജയൻ എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K