22 June, 2016 10:32:25 AM


കോപ അമേരിക്ക ഫുട്ബാള്‍: അമേരിക്കയെ തോൽപിച്ച് അർജന്‍റീന ഫൈനലിൽ



ഹൂസ്റ്റൺ: കോപ അമേരിക്ക ആദ്യ സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ അമേരിക്കയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് അർജന്‍റീന ഫൈനലിൽ. സൂപ്പർ താരം ലയണൽ മെസിയുടെ റെക്കോർഡ് ഗോൾ നേട്ടത്തിനും സെമി ഫൈനൽ മത്സരം നടന്ന ഹൂസ്റ്റണിലെ വേദി സാക്ഷിയായി. അർജന്‍റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ്  മെസി സ്വന്തമാക്കിയത്. 


32ാം മിനിട്ടിൽ തൊടുത്ത ഇടതുകാൽ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ റെക്കോർഡ് ഗോൾ പിറന്നത്. ഇതിലൂടെ അർജന്‍റീന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ ആധിപത്യം ഉറപ്പിച്ചു. ഗബ്രിേയൽ ബാസ്റ്റിറ്റൂട്ടയുടെ റെക്കോർഡ് ആണ് കോപ അമേരിക്കയിൽ നേടിയ 55മത് ഗോളിലൂടെ മെസി പിന്നിലാക്കിയത്. മെസിക്ക് പുറമെ ഗോൻസാലെ ഹിഗ്വുവെ രണ്ടും എക്യുവൽ ലെവസി ഒരു ഗോളും നേടി. മത്സരം തുടങ്ങി മൂന്നാം മിനിട്ടിൽ  എക്യുവൽ ലെവസി ആദ്യ ഗോൾ നേടി. ലയണൽ മെസിയിൽ നിന്ന് പിറന്ന പാസിൽ മധ്യഭാഗത്തു നിന്ന് തൊടുത്ത ഹെഡറിലൂടെയാണ് ലെവസി ഗോൾ നേടിയത്.


രണ്ടാം പകുതിയുടെ 53ാം മിനിട്ടിൽ ഗോൻസാലെ ഹിഗ്വുവെ അർജന്‍റീനയുടെ മൂന്നാം ഗോൾ നേടി. ഇടതു ഭാഗത്ത് നിന്ന് തൊടുത്ത വലതുകാൽ ഷോട്ടാണ് അമേരിക്കൻ വല ചലിപ്പിച്ചത്. മത്സരം ഫൈനൽ വിസിലിലേക്ക് അടുക്കുമ്പോൾ അർജന്‍റീന നാലാമതൊരു ഗോളും നേടി. 86ാം മിനിട്ടിൽ ഹിഗ്വുവൊ തന്‍റെ രണ്ടാമത്തെ ഗോൾ നേടിയത്. മെസി നൽകിയ പാസിൽ ഹിഗ്വുവൊ തൊടുത്ത ഷോട്ട് എതിരാളികളുടെ വലയിൽ പതിച്ചു. 


ഫൗൾ ചെയ്ത അമേരിക്കൻ താരം ക്രിസ് വൊൻഡലോസ്കി മഞ്ഞ കാർഡ് കണ്ടു. വ്യാഴാഴ്ച നടക്കുന്ന കൊളംബിയ-ചിലി മത്സരത്തിലെ വിജയി അർജന്‍റീനയെ ഫൈനലിൽ നേരിടും. ജൂൺ 27നാണ് ഫൈനൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K