13 December, 2021 07:14:00 PM


ലൈംഗികസാഹിത്യകാരിയെ വിവാഹം ചെയ്യാനായി സ്ഥാനം രാജിവെച്ച ബിഷപ്പിന് സഭയുടെ വിലക്ക്



മാഡ്രിഡ്‌: സ്‌പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്ന സേവ്യർ നോവൽ ഗോമ അടുത്തകാലത്ത് ലൈംഗികസാഹിത്യകാരിയെ വിവാഹം ചെയ്യാനായി തന്റെ ബിഷപ്പ് സ്ഥാനം രാജിവച്ചിരുന്നു. ഇപ്പോൾ സഭ അദ്ദേഹത്തിന്റെ എല്ലാ സഭാ അധികാരങ്ങളും ഔപചാരികമായി നീക്കം ചെയ്യുകയും, കൂദാശകൾ നടത്തുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരിക്കയാണ്. ഡിസംബർ 11-ന് നടന്ന ബിഷപ്പ് കോൺഫറൻസിലാണ് അദ്ദേഹത്തിന്റെ അധികാരങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്. മനശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ സിൽവിയ കബല്ലോളിനെ വിവാഹം കഴിക്കാനായി അദ്ദേഹം തന്റെ വൈദിക ജീവിതം ഉപേക്ഷിച്ചിട്ട് നാല് മാസമേ ആയിട്ടുള്ളൂ.


2010 -ൽ 41-ാം വയസിലാണ് കാറ്റലോണിയൻ മേഖലയായ സോൾസോണയിൽ അദ്ദേഹം ബിഷപ്പായി ചുമതലയേൽക്കുന്നത്. സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു അദ്ദേഹം. സാത്താനിക് ലൈംഗിക സാഹിത്യകാരി സിൽവിയയുമായി ഒരുമിച്ച്‌ ജീവിക്കാനായിരുന്നു അദ്ദേഹം ആ സ്ഥാനം രാജി വച്ചത്. 2021 നവംബർ 22 -ന് ബാഴ്‌സലോണ പ്രവിശ്യയിലെ സൂറിയ പട്ടണത്തിൽ വച്ച് അവരുടെ വിവാഹം നടന്നു. എന്നാൽ, ഈ വാർത്ത സഭാവിശ്വാസികളെ ഞെട്ടിച്ചു. അതിനെ തുടർന്നാണ് അദ്ദേഹത്തെ ഇപ്പോൾ സഭ വിലക്കിയിരിക്കുന്നത്.


ഇനി മുതൽ സേവ്യർ നോവലിന് തന്റെ പദവി നിലനിർത്താമെങ്കിലും, അതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഏറ്റെടുക്കാൻ സാധിക്കില്ല. കൂദാശകൾ നിർവഹിക്കുന്നതിനോ, വേദ അധ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ വിലക്കുണ്ട്. ഒരു ബിഷപ്പെന്ന നിലയിലുള്ള അവകാശങ്ങളും കടമകളും നിറവേറ്റാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും, കാനോൻ നിയമപ്രകാരം അദ്ദേഹത്തെ വിലക്കിയിട്ടുണ്ടെന്നും ബിഷപ്പ് കോൺഫറൻസിന്റെ പ്രസ്താവനയിൽ പറയുന്നു. 


സിൽവിയയെ വിവാഹം കഴിച്ചുകൊണ്ട് അദ്ദേഹം തന്റെ അധികാരങ്ങൾ സ്വയമേവ നഷ്‌ടപ്പെടുത്തിയെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. സ്വവർഗ്ഗാനുരാഗികൾക്ക് വേണ്ടിയുള്ള പരിവർത്തന ചികിത്സകളിൽ അദ്ദേഹം പങ്കെടുത്തതായി പറയപ്പെടുന്നു. ബാധ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അദ്ദേഹം സ്വവർഗരതിയെയും കാറ്റലോണിയൻ സ്വാതന്ത്ര്യത്തെ കുറിച്ചും നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. അതേസമയം, ഗർഭച്ഛിദ്രത്തെക്കുറിച്ച് തീർത്തും പരമ്പരാഗതമായ കാഴ്ചപ്പാടുകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.  


ലൈംഗിക അതിപ്രസരം നിറഞ്ഞ സാത്താനിക്- ഇറോട്ടിക് നോവലുകൾക്ക് പേരുകേട്ട സിൽവിയ വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. സാത്താനിക് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന പുസ്തകങ്ങളാണ് കൂടുതലും അവർ എഴുതിയിട്ടുള്ളത്. ബാക്കിയുള്ളവ ലൈംഗികത നിറഞ്ഞതുമാണ്. ദി ഹെൽ ഓഫ് ഗബ്രിയേൽസ് ലസ്റ്റ്, ട്രൈലജി അംനേഷ്യ തുടങ്ങിയവയാണ് സിൽവിയയുടെ ചില പുസ്തകങ്ങൾ. സാഡിസവും, ഭ്രാന്തും, കാമവും നിറഞ്ഞ അതിൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും, ഒരാളുടെ മൂല്യങ്ങളെയും മതവിശ്വാസങ്ങളെയും തകർക്കാൻ ദൈവവും സാത്താനും ഗൂഢാലോചന നടത്തുന്നതും കാണാം. 


സിൽവിയയുമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയ ശേഷം, "ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സ്ത്രീയുമായി പ്രണയത്തിലായി, കാര്യങ്ങൾ അതിന്റെ രീതിയ്ക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു" എന്നാണ് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്. മുൻ ബിഷപ്പ് ഇപ്പോൾ കാർഷിക ശാസ്ത്രജ്ഞനായി ബാഴ്‌സലോണ മേഖലയിൽ ജോലി നോക്കുകയാണെന്ന് ഒരു വാർത്താ സൈറ്റ് പറയുന്നു. എന്നാലും ബാധകൾ ഒഴിപ്പിച്ചിരുന്ന ബിഷപ്പ്, സാത്താനിക് നോവലുകൾ എഴുതുന്ന സിൽവിയയുമായി എങ്ങനെ പ്രണയത്തിലായെന്നാണ് വിശ്വാസികൾ ചോദിക്കുന്നത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K