13 December, 2021 03:58:02 PM


മഞ്ജുവിന് ഇരുട്ടില്‍നിന്ന് മോചനം: മന്ത്രി ഇടപെട്ടു; 'ഫ്യൂസു'മായി കെഎസ്ഈബി എത്തി



തിരുവനന്തപുരം: മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ പഠിച്ച മഞ്ജുവിന് വെളിച്ചം പകർന്ന് കെ എസ്  ഇ ബി. മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ മഞ്ജു ബുദ്ധിമുട്ടി പഠിക്കുന്ന വിവരമറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെടുകയും നടപടി സ്വീകരിക്കാൻ കെ എസ് ഇ ബി ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ കെ എസ് ഇ ബി ഡയറക്ടർ വിഴിഞ്ഞം സെക്ഷന് നിർദേശം നൽകി.


അവധി ദിനം ആയിട്ടും ഞായറാഴ്ച കെ എസ് ഇ ബി വിഴിഞ്ഞം സെക്ഷൻ ഓഫീസ് അസിസ്റ്റന്‍റ് എൻജിനിയർ ശ്യാം, ഓവർസിയർ അനിൽകുമാർ എന്നിവർ മഞ്ജുവിന്‍റെ വീട്ടിൽ എത്തി വൈദ്യുതി കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കഴിഞ്ഞ ഒരു വർഷമായി ഇരുട്ടിൽ കിടന്ന മഞ്ജുവിന്‍റെ വീട്ടിൽ വെളിച്ചം തെളിഞ്ഞു.


വെങ്ങാനൂർ മുട്ടയ്ക്കാട് ചാമവിള ആതിര ഭവനിൽ പരേതനായ തങ്കപ്പന്‍റെ ഭാര്യ രത്നമ്മയും ഏക മകൾ മഞ്ജുവും ജീവിതം മുന്നോട്ട് നീക്കാൻ ഏറെ കഷ്ടപ്പെടുകയായിരുന്നു. കൂലിപ്പണിക്കാരനായ തങ്കപ്പൻ നാല് വർഷം മുൻപ് രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. പക്ഷാഘാതം വന്ന് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കൊപ്പമാണ്  മഞ്ജു കഴിയുന്നത്. പഠിക്കാൻ വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. എന്നാലും അധ്യാപിക ആകണമെന്ന ലക്ഷ്യത്തിലേക്കാണ് പത്താം ക്ലാസുകാരി മഞ്ജു മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ സഞ്ചരിക്കുന്നത്.


ഏക ആശ്രയമായ ഭർത്താവ് മരിച്ചതോടെ വിധവ പെൻഷൻ ഇനത്തിൽ കിട്ടുന്ന 1600 രൂപ മാത്രമായി ഈ കുടുംബത്തിന്‍റെ ഏക വരുമാനം. ഒന്നര സെന്‍റ് സ്ഥലത്തിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നൽകിയ വീട്ടിലാണ് രത്നമ്മയും മകൾ മഞ്ജുവും താമസിക്കുന്നത്. കുടിശികയും മീറ്റർ കണക്ഷൻ ഉൾപ്പടെ മാറ്റി വെക്കാനും 1000 രൂപ നൽകാൻ ഇല്ലാത്തതിനാൽ ഒരു വർഷം മുൻപ് ഈ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്. ഇ.ബി വിശ്ചേദിച്ചിരുന്നു. ഇതോടെയാണ് മഞ്ജുവിന് പഠനത്തിനായി മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കേണ്ടിവന്നത്. 


പക്ഷേ പഠിച്ച് അധ്യാപികയാകണമെന്ന ആഗ്രഹത്തിലേക്കെത്താൻ മഞ്ജുവിന് ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം പക്ഷാഘാതം പിടിപ്പെട്ടതോടെ അടുക്കളയിൽ കയറി ഭക്ഷണം പോലും പാകം ചെയ്യാൻ കഴിയാത്ത രത്നമ്മയ്‌ക്ക് ആശ്രയം ഇപ്പൊൾ പത്താം ക്ലാസുകാരി മഞ്ജു ആണ്. പാലിയേറ്റീവ് കെയറിന്‍റെ മേൽനോട്ടത്തിലാണ് രത്നമ്മയുടെ ചികിത്സ ഇപ്പൊൾ നടക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K