12 December, 2021 07:45:00 PM


'10000 പേരും ജയിലില്‍ പോകാന്‍ തയ്യാര്‍'; കോഴിക്കോട് നടത്തിയത് സമര പ്രഖ്യാപനം - പിഎംഎ സലാം



മലപ്പുറം: കോഴിക്കോട് നടത്തിയത് വഖഫ് സമര പ്രഖ്യാപനമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാകും. തുടർ നടപടികൾ ഉടൻ തീരുമാനിക്കും. വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലിൽ പോകാൻ തയ്യാറാണെന്നും സലാം മലപ്പുറത്ത് പറഞ്ഞു. 

ലീഗിനെ കേസ് കാണിച്ച് പേടിപ്പിക്കണ്ട. ഭിന്നിപ്പിച്ച് ഭരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. കേരളത്തിലെ മുസ്ലിങ്ങൾ അതിൽ കുടുങ്ങില്ല. വഖഫ് ജീവനക്കാരുടെ നിയമനം പിഎസ്‍സിക്ക് വിട്ടത് പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അത് ചെയ്താൽ മതി. ഒരാള്‍ മതവിശ്വാസി ആണെന്ന് പറഞ്ഞാല്‍ തീവ്രവാദി ആകുമോ? ഞങ്ങൾ മത വിശ്വാസികളാണ്. മതവിശ്വാസത്തിൽ ഉറച്ചുനിന്ന് തന്നെ പൊതു പ്രവർത്തനം നടത്തുമെന്നും പിഎംഎ സലാം പറഞ്ഞു. അബ്ദുറഹ്മാൻ കല്ലായിയുടെ അഭിപ്രായം ലീഗിനില്ലെന്നും സലാം പറഞ്ഞു. 

കോഴിക്കോട് വഖഫ് സംരക്ഷണ റാലി നടത്തിയതിന് പതിനായിരം പേ‍ർക്കെതിരെയാണ് വെള്ളയിൽ പൊലിസ് കേസെടുത്തത്. പൊലിസ് അനുമതിയോടെയാണ്  വഖഫ് സംരക്ഷണ റാലി നടത്തിയതെങ്കിലും കൊവിഡ് ചട്ടങ്ങൾ ലംഘിച്ചു, ഗതാഗതക്കുരുക്കുണ്ടാക്കി എന്നിങ്ങനെയാണ്  പൊലിസിന്റെ കണ്ടെത്തൽ. നേതാക്കളടക്കം കണ്ടാലറിയാവുന്ന 10000 പ‍േ‍ക്കെതിരെയാണ് വെള്ളിയിൽ പൊലീസിന്‍റെ കേസ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K