12 December, 2021 06:51:13 PM


24 മണിക്കൂറില്‍ പത്ത് ഡോസ് കൊവിഡ് പ്രതിരോധ വാക്സിനെടുത്ത് യുവാവ്



വെല്ലിംഗ്ടൺ: കോവിഡിനെ പ്രതിരോധിക്കാന്‍ 24 മണിക്കൂറിനിടെ പത്തു ഡോസ് വാക്‌സിനെടുത്ത യുവാവിന്‍റെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിലാണ് ന്യൂസിലാന്‍റ് സര്‍ക്കാര്‍ ഇപ്പോള്‍. പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. അത്യധികം അപകടകരമായ രീതിയിൽ ഡോസുകൾ സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

സംഭവത്തിൽ ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. എന്തിനാണ് ഇത്തരം ഒരു കൃത്യം യുവാവ് ചെയ്തതെന്ന് വ്യക്തമായിട്ടില്ലെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ രീതിയിൽ അമിതമായി വാക്‌സിൻ സ്വീകരിക്കുന്നത് ജീവൻ തന്നെ നഷ്ടപ്പെടാൻ ഇടയാകുന്നത്ര ഗൗരവതരമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. 

'ഈ വിഷയം വളരെ ഗൌരവത്തോടെയാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിശദമായ അന്വേഷണം തന്നെ ഈ വിഷയത്തില്‍ നടത്തും. വളരെ ആശങ്കയുണ്ടാക്കുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തില്‍ പലവട്ടം വാക്സിന്‍ എടുത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അത് ആരോഗ്യമന്ത്രാലയത്തെ അറിയിക്കാനും പൊതുജനം തയ്യാറാകണം'- ന്യൂസിലാന്‍റ് ആരോഗ്യമന്ത്രാലയം കൊവിഡ് വാക്സിന്‍ ഗ്രൂപ്പ് മാനേജര്‍ അസ്ട്രിഫ് കോര്‍നിഫ് പ്രതികരിച്ചു.

അതേ സമയം ഇത്തരത്തിലുള്ള കേസുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്‍റെ കൈയ്യില്‍ വ്യക്തമായ രേഖകള്‍ ഒന്നും നിലവില്‍ ഇല്ലെന്നും വാര്‍ത്തയുണ്ട്. അതേ സമയം ഇത്തരത്തില്‍ വാക്സിനെടുക്കുന്ന വ്യക്തി സ്വന്തം ജീവിതം തന്നെ അപകടത്തിലാക്കുകയാണ് എന്നാണ് ഓക്ക്ലാന്‍റ് യൂണിവേഴ്സിറ്റി പ്രഫസര്‍ നിക്കി ടെണര്‍ പ്രതികരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K