04 December, 2021 04:56:22 PM


രണ്ട്​ ഹിപ്പൊപൊട്ടാമസുകള്‍ക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ചു; മൃഗപാലകര്‍ക്ക് കര്‍ശനസുരക്ഷ



ബ്രസ്സല്‍സ്​: ബെല്‍ജിയന്‍ മൃഗശാലയിലെ രണ്ട്​ ഹിപ്പൊപൊട്ടാമസുകള്‍ക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ചതായി അധികൃതര്‍. ഇത് ആദ്യമായാണ് ഹിപ്പൊപോട്ടാമസുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആന്‍റ്​വെര്‍പ്​ മൃഗശാലയിലെ 14 വയസുള്ള ഇമാനിക്കും 41വയസായ ഹെര്‍മിയനുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന്​ ദേശീയ വെറ്ററിനറി ലാബ്​ വ്യക്തമാക്കി.

ഹിപ്പൊപോട്ടാമസുകൾക്ക് മൂക്കൊലിപ്പ് കണ്ടെത്തിയതിനെ തുടർന്നുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹിപ്പോകളുടെ മൂക്ക്​ സാധാരണയായി എപ്പോഴും നനവുള്ളതായിരിക്കും. എന്നാല്‍, മൂക്കില്‍നിന്ന്​ കട്ടിയുള്ള ദ്രാവകം പുറത്തുവന്നതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നുവെന്ന്​ മൃഗശാല ഡോക്​ടറായ ഫ്രാന്‍സിസ്​ വെര്‍കാമ്മന്‍ പറഞ്ഞു

ആദ്യമായാണ് ഹിപ്പൊപൊട്ടാമസുകള്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. പക്ഷെ എങ്ങനെയാണ് ഹിപ്പോപൊട്ടാമസിന് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചതോടെ മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എന്നാൽ മറ്റു മൃഗങ്ങൾക്ക് രോഗം സ്​ഥിരീകരിച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ചതോടെ ഹിപ്പോകളെ കാണാൻ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഫലം നെഗറ്റീവ് ആയതിനു ശേഷം മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഹിപ്പോകളെ പരിചരിച്ചിരുന്നവരുടെ പരിശോധന ഫലം നെഗറ്റീവാണ്​. മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക്​ കര്‍ശന സുരക്ഷ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K