03 December, 2021 04:12:41 PM


ഗീത ഗോപിനാഥ്‌ ഐഎംഎഫ് ഡെപ്യൂട്ടി എംഡി ആയി അടുത്ത മാസം ചുമതലയേൽക്കും



വാഷിംഗ്ടണ്‍: അന്താരാഷ്ട്ര നാണയനിധിയിലെ ഉന്നത തല സാമ്പത്തിക വിദഗ്ദ്ധയായിരുന്ന ഗീത ഗോപിനാഥ് അടുത്ത മാസം ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്ററായി ചുമതലയേല്‍ക്കും. ജെഫ്രി ഒകോമാട്ടോയുടെ പിന്‍ഗാമിയായി എത്തുന്ന ഗീത ഗോപിനാഥ് ഐഎംഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ  കീഴിലാവും സേവനമനുഷ്ഠിക്കുക. ഐഎംഎഫിന്റെ നേതൃപദവികള്‍ രണ്ടു വനിതകള്‍ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്. 'ശരിയായ സമയത്ത് ശരിയായ വ്യക്തി' നേതൃപദവി ഏറ്റെടുക്കുന്നു എന്നാണ് ഗീത ഗോപിനാഥിന്റെ പുതിയ നിയമനത്തെക്കുറിച്ച് ക്രിസ്റ്റലീന ജോര്‍ജീവ പ്രതികരിച്ചത്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഐഎംഫിന്റെ അംഗരാജ്യങ്ങള്‍ വലിയ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്ധ്യം ലോകത്തെ മുന്‍നിര മാക്രോ എക്കണോമിസ്റ്റുകളില്‍ ഒരാള്‍ കൂടിയായ ഗീത ഗോപിനാഥിന് ഉണ്ടെന്ന് വിശ്വസിക്കുന്നതായി ജോര്‍ജീവ തന്റെ പ്രസ്താവനയില്‍ പറഞ്ഞു. 2018 ഒക്ടോബറില്‍ ഐഎംഎഫില്‍ ചീഫ് എക്കണോമിസ്റ്റ് ആയി നിയമിതയായ ഗീത ഗോപിനാഥ് ജനുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് മടങ്ങേണ്ടതായിരുന്നു. പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല വിടും. ഇന്ത്യയില്‍ ജനിച്ച ഗീത ഗോപിനാഥിന് യു എസ് പൗരത്വമുണ്ട്.

ഐഎംഎഫിലെ ആദ്യത്തെ വനിതാ ചീഫ് എക്കണോമിസ്റ്റ് കൂടിയാണ് ഗീത ഗോപിനാഥ്. 2018ല്‍ ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഗീത കോവിഡ് മഹാമാരി, വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ നിയന്ത്രണം മുതലായവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 2021 അവസാനത്തോടെ ലോകത്തെ 40 ശതമാനം ജനങ്ങള്‍ക്കും 2022 ന്റെ ആദ്യപകുതിയോടെ 60 ശതമാനം ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കിക്കൊണ്ട് കോവിഡ് മഹാമാരിയ്ക്ക് അറുതി വരുത്താന്‍ ലക്ഷ്യമിടുന്ന 50 ബില്യണ്‍ ഡോളറിന്റെ പദ്ധതി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഗീത.

അവരുടെ നിര്‍ദ്ദേശങ്ങള്‍ വലിയ പ്രശംസ പിടിച്ചു പറ്റുകയും ലോകബാങ്കും ലോകവ്യാപാര സംഘടനയും ലോകാരോഗ്യ സംഘടനയും അവ അംഗീകരിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള നയരൂപീകരണത്തിനായി ഐഎംഎഫിനുള്ളില്‍ ഒരു ഗവേഷക സംഘത്തെ സജ്ജീകരിക്കുന്നതിലും ഗീത ഗോപിനാഥ് നേതൃപരമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്.

1971ല്‍ മലയാളി ദമ്പതികളുടെ മകളായാണ് ഗീതയുടെ ജനനം. കൊല്‍ക്കത്തയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അവര്‍ ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും അവര്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2001ല്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്നാണ് സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. 2001ല്‍ തന്നെ ചിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് മാറിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K