29 November, 2021 07:21:34 PM


ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം: ഡോക്ടർക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ



തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജ് പേരൂർക്കട മാതൃകാ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഡ്യൂട്ടി സമയത്ത് സ്ഥലത്ത് ഇല്ലായിരുന്നുവെന്നു കണ്ടെത്തിയവർക്കെതിരെ നടപടിക്കു നീക്കം. ഒരു ഡോക്ടറെയും ആശുപത്രിയിൽ വരാതിരുന്നവരുടെ ഹാജർ രേഖപ്പെടുത്തിയ ജൂനിയർ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം.

ഒപിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ക്യൂ നിൽക്കുമ്പോൾ ഭൂരിഭാഗം ഒപിയിലും ഡോക്ടർമാരുണ്ടായിരുന്നില്ല. ഡോക്ടർ ഉണ്ടായിരുന്നത് ആകെ ഇഎൻടി ഒപിയിൽ മാത്രമായിരുന്നു. 7 ഗൈനക്കോളജിസ്റ്റുകൾ ഉള്ള ഇവിടെ ഗൈനക്കോളജി ഒപി പ്രവർത്തിച്ചതുമില്ല. മന്ത്രി സന്ദർശനം നടത്തി നാലു ദിവസം കഴിഞ്ഞ് ആരോഗ്യവകുപ്പിന്റെ വിജിലൻസിനെ പരിശോധനയ്ക്കു നിയോഗിച്ചു. അന്നും മിക്കവാറും ഡോക്ടർമാർ എത്തിയിരുന്നില്ല. വരാത്ത 8 ക്ലറിക്കൽ ജീവനക്കാർക്ക് താമസിച്ചു വരാനുള്ള അനുമതിയും നൽകിയത് കണ്ടെത്തി.

ഡ്യൂട്ടിയിലുണ്ടായിട്ടും എത്താത്ത ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയോട് നിർദേശിച്ചുവെന്നാണ് വിവരം. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും സ്ഥിതി ഇൗ രീതിയില്‍ പരിശോധിക്കാനും നിര്‍ദേശിച്ചു. ആശുപത്രിയിൽ ഇല്ലാതിരുന്ന ഡോക്ടർമാരോട് വിശദീകരണം തേടിയപ്പോൾ ലഭിച്ച മറുപടി അതിലേറെ രസമാണ്: 5 ഡോക്ടർമാരുടെ കാർ കേടായി .ഭാര്യയ്ക്കു മക്കൾക്കും സുഖമില്ല എന്ന കാരണവും ബോധിപ്പിച്ചവരുണ്ട്.

കോവിഡ് രോഗിയെ നോക്കാൻ പോയിരുന്നു എന്നായിരുന്നു ഒരു ഡോക്ടറുടടെ വിശദീകരണം. കോവിഡ് രോഗികളെ നോക്കാൻ വേറെ ഡോക്ടർമാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഒപിയിൽ ഡോക്ടർമാരില്ലാത്ത കാര്യം തിരക്കിയപ്പോൾ എല്ലാവരും വാർഡുകളിൽ റൗണ്ട്സിന് പോയിരുന്നുവെന്നായിരുന്നു മറുപടി. മന്ത്രി വാർഡുകളിലെത്തിയപ്പോൾ ഡോക്ടർമാർ അവിടെയും ഇല്ല. മന്ത്രി വന്നതറിഞ്ഞ് തിരക്കിട്ട് ഓടിയെത്തിയ ഡോക്ടർ പറഞ്ഞതും വാർഡിൽ റൗണ്ട്സിലായിരുന്നുവെന്നാണ്. ഏത് വാർഡിലെന്ന് തിരക്കി മന്ത്രി അവിടെയെത്തിയപ്പോൾ നഴ്സും പറഞ്ഞു ഡോക്ടർ റൗണ്ട്സ് കഴിഞ്ഞു പോയതേയുള്ളുവെന്ന്.

രോഗികളുടെ കേസ് ഷീറ്റ് നോക്കിയപ്പോൾ കണ്ടത് ആ ഡോക്ടർ റൗണ്ട്സിന് വന്നത് 3 ദിവസം മുൻപാണെന്നും കണ്ടു. ഇത് പീന്നീട് നഴ്സു മന്ത്രിയോട് തന്നെ സമ്മതിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ ഒപിയുണ്ടെങ്കിലും വീട്ടിലെ സ്വകാര്യ പ്രാക്ടീസ് കഴിഞ്ഞ് ആശുപത്രിയിലെത്തുന്നത് തോന്നുന്ന സമയത്താണെന്ന വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.9K