20 November, 2021 04:28:40 PM


കല്ലാട്ടുമുക്കിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങി; സമരം രാഷ്ട്രീയ പ്രേരിതം - മന്ത്രി



തിരുവനന്തപുരം: കല്ലാട്ടുമുക്കിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങി. കഴിഞ്ഞ കുറേ കാലമായി അട്ടക്കുളങ്ങര - തിരുവനന്തപുരം റോഡിൽ കല്ലാട്ടുമുക്കിൽ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് പതിവാണ്. നേമം എംഎൽഎ ആയും പിന്നീട് മന്ത്രിയായും വി ശിവൻകുട്ടി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസുമായി ഇവിടം സന്ദർശിച്ചു. അന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ അടിയന്തിരമായി ചെയ്യേണ്ടതിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. തകർന്ന റോഡിൽ വലിയ വാഹനങ്ങൾക്കടക്കം കടന്നു പോകാൻ സാധിക്കും വിധം ഇന്റർലോക്ക് ടൈലുകൾ പാകുകയാണ് ഇപ്പോൾ ചെയ്യുന്നത്. 25 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുക.

ഇത്  ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് തൽകാലം പരിഹരിക്കാനുള്ള നടപടിയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ 8 കോടിയോളം രൂപ ചെലവ് വരുന്ന സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. വൈകാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും . ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോൾ നടക്കുന്ന സമരം രാഷ്ട്രീയപ്രേരിതമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ട നടപടി മുൻ ബിജെപി എം എൽ എയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. തിരുവനന്തപുരത്തെ കോൺഗ്രസ്‌ എം പിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ല.എട്ടു കോടി ചിലവ് വരുന്ന പദ്ധതി നടപ്പാവുമ്പോൾ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K