19 November, 2021 09:06:06 AM


ശിലാഫലകം അടിച്ചു തകർത്ത ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി അറസ്റ്റിൽ



തിരുവനന്തപുരം: ശിലാഫലകം അടിച്ചു തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ. കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ശശിയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളനാട് പഞ്ചായത്ത് നിർമ്മിച്ച ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകത്തിൽ വെള്ളനാട് ശശിയുടെ പേര് വയ്ക്കാത്തതിനാലാണ് ഫലകം തകർത്തത്. വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിലാണ് സംഭവം നടന്നത്.

ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെള്ളനാട് ശശി പ്രസിഡന്‍റ് ആയിരുന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് 48 ലക്ഷം വിനിയോഗിച്ച് ഈറ്റ തൊഴിലാളികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വെളിയന്നൂര്‍ എല്‍പി സ്കൂളിന് പിന്നില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങിയത്, ഇതില്‍ 5 സെന്‍റിലാണ് 50 ലക്ഷം വിനിയോഗിച്ച് ആരോഗ്യ ഉപകേന്ദ്രം പണി കഴിപ്പിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു നിര്‍മ്മാണം. 

തദ്ദേശ തെരഞ്ഞെടുപ്പോടെ ഉപകേന്ദ്രത്തിന്‍റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംപി നിര്‍വഹിച്ചതായി കാണിച്ച് ഫലകം വച്ചു. എന്നാല്‍ സബ് സെന്‍റര്‍ പണി പൂര്‍ത്തിയായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെഎസ് രാജലക്ഷ്നി സബ്സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഉദ്ഘാടനത്തിനോട് അനുബന്ധിച്ച ഫലകം ജില്ല പഞ്ചായത്തംഗം ചുറ്റികയും ഉളിയും ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. താന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ ഉദ്ഘാടനം ചെയ്ത ആരോഗ്യ ഉപകേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് വെള്ളനാട് ശശി പറയുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K