15 November, 2021 05:34:40 PM


ഓസ്‌ട്രേലിയയില്‍ മഹാത്മാഗാന്ധിയുടെ കൂറ്റന്‍ വെങ്കല പ്രതിമ തകര്‍ത്ത നിലയില്‍



മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മഹാത്മാഗാന്ധിയുടെ കൂറ്റന്‍ വെങ്കല പ്രതിമ തകര്‍ത്ത നിലയില്‍. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന് ഇന്ത്യ സമ്മാനമായി നല്‍കിയ പൂര്‍ണകായ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപലപിച്ചു. പ്രതിമ തകര്‍ത്ത സംഭവം ഞെട്ടലുളവാക്കിയെന്നും രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളിയാഴ്ച റോവില്ലെയിലെ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രാജ് കുമാര്‍, മറ്റ് ഓസ്‌ട്രേലിയന്‍ മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.


ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഓസ്്‌ട്രേലിയക്ക് ഇന്ത്യ പ്രതിമ സമ്മാനിച്ചത്. സാംസ്‌കാരിക പൈതൃകങ്ങള്‍ നശിപ്പിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ലോകത്തില്‍ തന്നെ കുടിയേറ്റത്തെയും സാംസ്‌കാരിക വൈജാത്യത്തെയും ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയയെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരക്കും ശനിയാഴ്ച വൈകുന്നേരത്തിനിടക്കും ശക്തിയേറിയ ആയുധമുപയോഗിച്ചാണ് അക്രമികള്‍ പ്രതിമ തകര്‍ത്തതെന്ന് വിക്‌ടോറിയ പൊലീസ് പറഞ്ഞു.


സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവം ഞെട്ടലുളവാക്കിയെന്നും എന്തിനാണ് ഗാന്ധി പ്രതിമ തകര്‍ത്തതെന്ന് മനസ്സിലാകുന്നില്ലെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ വിക്ടോറിയ പ്രസിഡന്റ് സൂര്യപ്രകാശ് സോണി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K