17 June, 2016 10:43:31 AM


കോപ അമേരിക്ക ഫുട്ബാള്‍: ഇക്വഡോറിനെ തകർത്ത് യു.എസ്.എ സെമിയിൽ



വാഷിങ്ടൺ: കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാർട്ടർ ഫൈലനിൽ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോറിനെ തകർത്തത്. ഇക്വഡോറിനെതിരായ വിജയത്തോടെ യു.എസ്.എ സെമി ഫൈനൽ ഉറപ്പിച്ചു. 1995ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക സെമി ഫൈനലിൽ യു.എസ്.എ എത്തുന്നത്.


മത്സരം തുടങ്ങി 22 മിനിട്ടിൽ യു.എസ്.എയുടെ ആദ്യ ഗോൾ പിറന്നു. ജെർമിയൻ ജോൺസ് നൽകിയ പാസിൽ മധ്യഭാഗത്തു നിന്നുള്ള ഹെഡറിലൂടെയാണ് ക്ലിന്‍റ് ഡെംപ്സെ ഇക്വഡോർ വല ചലിപ്പിച്ചത്. 65ാം മിനിട്ടിൽ യു.എസ്.എ ഗോൾ ആവർത്തിച്ചു. ഗ്യാസി സർഡേസാണ് രണ്ടാം ഗോൾ നേടിയത്. ക്ലിന്‍റ് ഡെംപ്സെയുടെ പാസിൽ നിന്ന് ഗ്യാസി സർഡേസ് തൊടുത്ത വലതുകാൽ ഷോട്ടാണ് ഗോളായത്.


രണ്ടാം പകുതിയിൽ 74ാം മിനിട്ടിലെ ഗോളോടെ ഇക്വഡോർ തിരിച്ചടിച്ചു. വാൾട്ടർ അയോവിയുടെ പാസിൽ മൈക്കൽ അറോയോ ആണ് ടീമിനായി ആശ്വാസ ഗോൾ നേടിയത്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ടു താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. യു.എസ്.എയുടെ ജെർമിയൻ ജോൺസും ഇക്വഡോറിന്‍റെ അന്‍റോണിയോ വലൻസിയയുമാണ് ചുവപ്പ് കാർഡ് കണ്ടവർ.


ഫൗൾ ചെയ്ത ഇക്വഡോറിന്‍റെ വലൻസിയ 37ാം മിനിട്ടിൽ ആദ്യത്തെയും 52ാം മിനിട്ടിൽ രണ്ടാമത്തെയും മഞ്ഞ കാർഡ് കണ്ടു. മോശം പെരുമാറ്റത്തെ തുടർന്ന് 52ാം മിനിട്ടിലാണ് യു.എസ്.എയുടെ ജെർമിയന് ജോൺസ് ചുവപ്പ് കാർഡ് കണ്ടത്. കൂടാതെ യു.എസ്.എയുടെ ബോബി വുഡിനും അലഗാൻഡ്രോ ബെഡോയയും ബ്രാഡ് ഗുസാനും ഇക്വഡോറിന്‍റെ ജുവാൻ കാർലോസ് പാരഡെസിനും മഞ്ഞ കാർഡ് കിട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K