25 October, 2021 05:26:57 PM


മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് മുഖ്യമന്ത്രി. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചരണം നിയമപരമായി നേരിടണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുല്ലപ്പെരിയാർ പുതിയ ഡാം വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണ്. മുല്ലപ്പെരിയാർ അപകടത്തിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തി, ഇതാ അപകടം വരുന്നു എന്ന തരത്തിലാണ് ഭീതി പരത്തുന്നത്. അത്തരം സാഹചര്യം നിലവിലില്ല. പ്രചരണങ്ങളെ നിയമപരമായി തന്നെ നേരിടും.

പ്രശ്നത്തെ മറ്റൊരു തരത്തിൽ വഴ് തിരിച്ച് വിടുന്നു. ഒരു ആപത്തും നിലനിൽക്കുന്നില്ല. തമിഴ്നാടുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. തമിഴ്നാടുമായി സർക്കാർ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രചാരണങ്ങളിൽ വ്യക്ത വരുത്തണമെന്നും, ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കണമെന്നുമായിരുന്നു ശ്രദ്ധക്ഷണിക്കലിൽ എം.എം. മണി ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരാണ് വിഷയത്തിൽ പരിഹാരം കാണേണ്ടതെന്നും എം.എം. മണി പറഞ്ഞു.

അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവും സഭയിൽ വിഷയം ഉന്നയിച്ചു. രൂക്ഷമായ ക്യാമ്പയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മൂന്ന് നാല് ജില്ലകളിലെ ജനങ്ങൾ ഭീതിയിലാണ് 35 ലക്ഷം പേരുടെ മരണത്തിന് ഇടയാക്കുമെന്നാണ് പ്രചരണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ വ്യക്തത നൽകണമെന്നും പ്രതിപക്ഷ നേതാവ്  വി.ഡി. സതീശൻ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K