14 October, 2021 08:56:33 PM


ശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ രണ്ടു ദിവസം മഞ്ഞ അലേർട്ട്

ഒക്‌ടോബർ 18 വരെ ശക്തമായ കാറ്റിനു സാധ്യത



കോട്ടയം: ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്‌ടോബർ 15, 16 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒക്ടോബർ 14 മുതൽ 18 വരെ  സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് തയാറെടുപ്പ് പൂർത്തീകരിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും പോസ്റ്റുകൾ തകർന്നു വീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത വേണം. കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനം പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുക. 

ചുമരിലും മറ്റും ചാരിവച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്ക്കണം.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിൽ നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. 

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും അപകടം ശ്രദ്ധയിൽപെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. 

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പുവരുത്തുക. നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിതമായ ഇടത്തേക്കു മാറണം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K