15 June, 2016 08:57:36 AM


പോര്‍ച്ചുഗലിനെ യൂറോകപ്പിലെ ഏറ്റവും ചെറിയ രാജ്യമായ ഐസ്ലന്‍ഡ് സമനിലയില്‍ തളച്ചു



പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തിന്റെ ബൂട്ടുകളില്‍ വിശ്വാസമര്‍പ്പിച്ചെത്തിയ പോര്‍ച്ചുഗലിനെ താരതമ്യേന ദുര്‍ബലരും യൂറോകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യവുമായ ഐസ്ലന്‍ഡ് സമനിലയില്‍ തളച്ചു.  പ്രതിരോധ നിരയുടെ ദൗര്‍ബല്യം മുതലാക്കി ഇരുടീമും ഒാരോ ഗോള്‍ വീതം നേടി. മല്‍സരത്തിലാകെ പോര്‍ച്ചുഗല്‍ ഒരുക്കിയെടുത്ത 21 ഗോളവസരങ്ങളില്‍ ലക്ഷ്യത്തിലെത്തിയതാകട്ടെ ഒന്ന് മാത്രം. നാല് ഗോളവസരങ്ങള്‍മാത്രം ലഭിച്ച പാനമ അതിലൊന്ന് ലക്ഷ്യത്തിലെത്തിച്ച്‌ ജയത്തോളം പോന്ന സമനില സ്വന്തമാക്കി.


31-ാം മിനിറ്റില്‍ നാനിയുടെ മികച്ചൊരു ഗോളിലൂടെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. ഇടത് മൂലയില്‍ നിന്ന് ഗോമസ് നീട്ടി നല്‍കിയ പന്ത് നാനി പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടു പോര്‍ച്ചുഗലിന് ലീഡ് നല്‍കി. യൂറോയുടെ ചരിത്രത്തിലെ 600-ാം ഗോള്‍. ആദ്യപകുതിയില്‍ കളം നിറഞ്ഞു കളിച്ച പോര്‍ച്ചുഗലിന്റെ ഗോള്‍നേട്ടം ഒന്നില്‍ ഒതുങ്ങിയത് സ്വന്തം രാജ്യത്തിന്റെ ആദ്യ രാജ്യാന്തര ചാംപ്യന്‍ഷിപ്പ് മല്‍സരം കാണാനെത്തിയ ഐസ്ലന്‍ഡ് ജനതയുടെ പ്രാര്‍ഥനകൊണ്ടാവണം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയ പോര്‍ച്ചുഗലിന് പക്ഷേ ലക്ഷ്യത്തിലെത്താനായില്ല.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില കണ്ടെത്തിയതോടെ ഐസ്ലന്‍ഡ് ഉണര്‍ന്നു. ബിര്‍കിര്‍ ജാര്‍നാസണ്‍ 50-ാം മിനിറ്റില്‍ നേടിയ ഗോള്‍ പോര്‍ച്ചുഗലിനെ തകര്‍ത്തുകളഞ്ഞു. ബോക്സിന്റെ വലതുഭാഗത്തുനിന്നും ഗുഡ്മുണ്‍ഡ്സണ്‍ ഉയര്‍ത്തി നല്‍കിയ പന്തിനെ മികച്ചൊരു വോളിയിലൂടെ ജാര്‍നാസണ്‍ ഗോളിലേക്ക് തിരിച്ചുവിട്ടു. പോര്‍ച്ചുഗല്‍ നേടിയതിന് സമാനമായൊരു ഗോള്‍. ലീഡ് കൈവിട്ടതോടെ പോര്‍ച്ചുഗലിന്റെ ശൗര്യം കുറഞ്ഞു. ആദ്യ പകുതിയുടെ നിഴല്‍ മാത്രമായി പറങ്കിപ്പട. മഞ്ഞുപാളി പോലെ ഉറച്ചുനിന്ന ഐസ്ലന്‍ഡ് പ്രതിരോധം റൊണാള്‍ഡോയ്ക്കു കൂട്ടര്‍ക്കും മുന്നില്‍ കുലുങ്ങിയില്ല. രാജ്യത്തെ എട്ടുശതമാനം ജനങ്ങളും ടീമിനായി സ്റ്റേഡിയത്തിലെത്തി ആര്‍ത്തുവിളിച്ചപ്പോള്‍ ജയത്തോളം പോന്ന സമനില ഐസ്ലാന്‍ഡിനൊപ്പം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K