14 June, 2016 05:23:56 PM


പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഏഴ് പേര്‍ അറസ്റ്റില്‍



മലപ്പുറം:  പ്ലസ്ടു സേ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ ഏഴ് പേര്‍ അറസ്റ്റില്‍. എടപ്പാള്‍ സംഭവത്തിനു പിന്നാലെ കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആള്‍മാറാട്ട കേസില്‍ രണ്ടുപേര്‍ പിടിയിലായി. ഇത്തവണ പ്ലസ്ടു പരീക്ഷയില്‍ തോറ്റ കരിപ്പോള്‍ സ്വദേശിയായ വിദ്യാര്‍ഥിക്കുവേണ്ടി പാസ്സായ കല്‍പകഞ്ചേരി സ്വദേശിയാണു സേ പരീക്ഷയെഴുതി കുടുങ്ങിയത്. സമാന സംഭവത്തില്‍ അ‍ഞ്ചു വിദ്യാര്‍ഥികള്‍ വളാഞ്ചേരിയിലും പിടിയിലായി. രണ്ടു സ്കൂളുകളില്‍നിന്നായാണ് അ‍ഞ്ചുപേരെ പിടികൂടിയത്. 


പുറങ്ങ്, അംശക്കച്ചേരി, മാണൂര്‍ സ്വദേശികളായ 18 വയസ്സുകാരും പന്താവൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരനുമാണു കുടുങ്ങിയത്. നാലുപേരും ഇത്തവണ ഇതേ സ്കൂളില്‍നിന്ന് ഇത്തവണ പ്ലസ്ടു പാസ്സായവരാണ്. സുഹൃത്തുക്കളെ സഹായിക്കാനാണ് ഇവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയതെന്നു പൊലീസ് പറഞ്ഞു. പരീക്ഷയ്ക്കിടെ അധ്യാപികയ്ക്കു സംശയം തോന്നി ഒരു വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്. തുടര്‍ന്നു മറ്റു ക്ലാസുകളിലും പരിശോധന നടത്തി മൂന്നുപേരെക്കൂടി പിടികൂടി. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്ന് ചങ്ങരംകുളം പൊലീസ് നാലു പേരെയും കസ്റ്റഡിയിലെടുത്തു. നേരത്തെ നടന്ന രണ്ടു പരീക്ഷകളും ഇവര്‍ എഴുതിയതായി സൂചനയുണ്ട്. ഹാള്‍ ടിക്കറ്റില്‍ യഥാര്‍ഥ വിദ്യാര്‍ഥികളുടെ ചിത്രത്തിനു പകരം ഇവരുടെ ചിത്രം പതിപ്പിച്ച നിലയിലായിരുന്നു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കും. യഥാര്‍ഥത്തില്‍ പരീക്ഷയെഴുതേണ്ടവര്‍ ഒളിവിലാണെന്നും അവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


എടപ്പാള്‍ പൂക്കരത്തറയിലെ സ്കൂളില്‍ ആള്‍മാറാട്ടം നടത്തി സേ പരീക്ഷയെഴുതാനെത്തിയ നാലു വിദ്യാര്‍ഥികള്‍ ഇന്നലെ പിടിയിലായിരുന്നു. മലപ്പുറം എടപ്പാള്‍ പൂക്കരത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷയെഴുതിയവരാണ് പിടിയിലായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K