29 September, 2021 04:53:33 PM


കോണ്‍ഗ്രസില്‍ പ്രസിഡന്‍റില്ല; തീരുമാനങ്ങള്‍ എടുക്കുന്നത് ആരെന്നറിയില്ല - കപില്‍ സിബല്‍



ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രസിഡന്‍റില്ലെന്നും ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയില്‍ നിന്നും നവജ്യോത് സിംഗ് സിദ്ദു രാജിവച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കപില്‍ സിബല്‍.


പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ പുറത്തുപോകുകയും പ്രതിസന്ധികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍, പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ചും പ്രസിഡന്‍റിന്‍റെ അഭാവത്തെക്കുറിച്ചും ഒരു ചര്‍ച്ച വേണമെന്ന് പാര്‍ട്ടി നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസില്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഇല്ല. ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഏറെയായി. നേതൃത്വം ഇതിന് തയ്യാറാകുന്നില്ല. പാര്‍ട്ടിയെ സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തണം. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കണമെന്നും സിബല്‍ പറഞ്ഞു.പഞ്ചാബിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുണം ചെയ്യുക പാക്കിസ്ഥാനും അവരുടെ ചാര സംഘടനായ ഐ എസ് ഐക്കുമാണ്. പാഞ്ചിലെ രാഷ്ട്രീയ അവസ്ഥ ഇത്രയും കുത്തഴിഞ്ഞ അവസ്ഥയിലേക്ക് നേതൃത്വം എത്തിക്കരുതായിരുന്നെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.


കപില്‍ സിബലിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ജി23 എന്ന പേരില്‍ സമാന്തര ഗ്രൂപ്പുണ്ടാക്കി ഇടഞ്ഞ് നില്‍ക്കുകയാണ്.പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇപ്പോള്‍ അമരീന്ദര്‍ കൂടി പാര്‍ട്ടി വിടാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്ത് എത്തിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K