12 June, 2016 05:25:40 PM


ഡിസ്ക് ബ്രേക്കോടെ ഗിയര്‍രഹിത സ്കൂട്ടര്‍ 'ജുപ്പീറ്റര്‍' വിപണിയിലേക്ക്

പുനെ: ഗിയര്‍രഹിത സ്കൂട്ടറായ 'ജുപ്പീറ്റര്‍' ഡിസ്ക് ബ്രേക്കോടെ വിപണിയിലേക്ക്. 'ജുപ്പീറ്റര്‍' നിര്‍മ്മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി വാഹനത്തില്‍ ഡിസ്ക് ബ്രേക്കിനൊപ്പം രൂപകല്‍പ്പനയിലും നിറക്കൂട്ടിലുമെല്ലാം പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച 'ജുപ്പീറ്ററി'ന്റെ വരവ് എന്നാണെന്ന് ടി വി എസ് മോട്ടോര്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മിക്കവാറും ഈ മാസം തന്നെ എത്തുമെന്നാണ് അറിയുന്നത്. 

69,500 രൂപയാണു 'ജുപ്പീറ്ററി'ന് പുണെയില്‍ ഓണ്‍ റോഡ് വില. 110 സി സി എന്‍ജിനുള്ള സ്കൂട്ടറിന് സെന്റര്‍ സ്റ്റാന്‍ഡ്, ക്രോം സൈഡ് ഗാര്‍ഡ് എന്നിവയ്ക്കെല്ലാം ചേര്‍ന്നാണ് 69,500 രൂപ വില ഈടാക്കുന്നത്. പര്‍പ്ള്‍ - ബീജ് വര്‍ണ സങ്കലനത്തിലാവും ഡിസ്ക് ബ്രേക്കുള്ള 'ജുപ്പീറ്റര്‍' വിപണിയിലെത്തുക. നിലവില്‍ മറ്റു നിറങ്ങളിലൊന്നും ഈ പരിഷ്കരിച്ച പതിപ്പ് ലഭ്യമാവില്ലെന്നാണു സൂചന. അകത്തെ പ്ലാസ്റ്റിക് പാനലുകള്‍ക്ക് ലൈറ്റ് ബീജ് നിറവും ഔട്ടര്‍ ബോഡി പാനലുകള്‍ക്ക് ഡാര്‍ക്ക് പര്‍പ്ളുമാണു ടി വി എസ് തിരഞ്ഞെടുത്തിരിക്കുന്നത്.

പാര്‍ശ്വത്തിലെ പാനലുകളില്‍ പ്രകടമായ ക്രോം അക്സന്റും സ്കൂട്ടറിന്റെ സവിശേഷതയാവും. ബ്രൗണും ബീജും സംഗമിക്കുന്ന ഇരട്ട വര്‍ണ സീറ്റാണു സ്കൂട്ടറിലുള്ളത്. 'മില്യന്‍ ആര്‍ എഡീഷന്‍' എന്നു പേരിട്ട പരിമിതകാല പതിപ്പിനായാണ് ഈ രൂപകല്‍പ്പന ടി വി എസ് തിരഞ്ഞെടുത്തതെന്നു വ്യക്തമാക്കുന്ന പ്രത്യേക ബാഡ്ജും മുന്‍ ഏപ്രണിലുണ്ട്. ഈ പരിമിതകാല പതിപ്പിനൊപ്പമാവും ഡിസ്ക് ബ്രേക്കുള്ള 'ജുപ്പീറ്ററി'ന്റെയും വരെന്നാണു വിപണിയുടെ വിലയിരുത്തല്‍.

സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു നവീകരിച്ച 'ജുപ്പീറ്റര്‍' വരുന്നത്. അതുകൊണ്ടുതന്നെ ഫ്യുവല്‍ ഇഞ്ചക്റ്റഡ്(എഫ് ഐ) എന്‍ജിന്‍ പോലുള്ള വിപ്ലവകരമായ മാറ്റമൊന്നും 'ജുപ്പീറ്ററി'ല്‍ വരുത്തിയിട്ടില്ലെന്നാണ് സൂചന. 'ജുപ്പീറ്ററി'ന് കരുത്തേകുക 109.7 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്; 7,500 ആര്‍ പി എമ്മില്‍ എട്ടു ബി എച്ച്‌ പി കരുത്തും 5,500 ആര്‍ പി എമ്മില്‍ എട്ട് എന്‍ എം വരെ കരുത്തുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. മിക്കവാറും 220 എം എം ഡിസ്ക് ബ്രേക്കാവും 'ജുപ്പീറ്ററി'ലുണ്ടാവുകയെന്നാണു സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K