03 September, 2021 01:57:24 PM


വഹാബിസത്തിന്‍റെ സ്ഥാപകനെ 'വെള്ളപൂശുന്നു': കാലിക്കറ്റ് അറബി പി ജി പാഠം വിവാദത്തില്‍



കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അറബിക് പി ജി പാഠപുസ്തകത്തില്‍ വഹാബിസത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനെക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയത് വിവാദമായി. പാഠം മതതീവ്രവാദിയും അക്രമകാരിയുമായ മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനെ വെള്ള പൂശുന്നതാണെന്നാരോപിച്ച് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ് എസ് എഫ്) പ്രക്ഷോഭ രംഗത്തിറങ്ങിയിരിക്കുകയാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രണ്ടാം വര്‍ഷ എം എ അറബിക് ഹിസ്റ്ററി ഓഫ് കണ്ടംപററി അറബിക് വേള്‍ഡ് പഠന സാമഗ്രിയിലാണ് വിവാദ പാഠഭാഗം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മുബീനുല്‍ ഹഖ് ആണ് പുസ്തകം തയ്യാറാക്കിയത്. പുസ്തകത്തില്‍ ഇസലാമിക പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന പാഠ ഭാഗത്ത് ആദ്യമായി പരിചയ പെടുത്തുന്നത് വഹാബി പ്രസ്ഥാനത്തെയാണ്. പേജ് 203 മുതല്‍ 206 വരെയുള്ള 4 പേജുകളില്‍ വഹാബിസം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇടക്ക് മൊറോക്കോയിലെ ഇബാളി വഹാബി പ്രസ്ഥാനത്തെയും ചെറിയ രീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.


ലോക തലത്തില്‍ വ്യാപകമായി തെറ്റിദ്ധരിക്ക പെട്ട ശുദ്ധ ഇസ്ലാമിക പ്രസ്ഥാനമാണ് വഹാബിസമെന്നാണ് പാഠഭാഗം പറയുന്നത്. എന്നാല്‍ ഈ കുപ്രചാരങ്ങളെയല്ലാം അതിജയിച്ച് ലോകത്ത് വലിയ മുന്നോറ്റം നടത്താന്‍ വഹാബിസത്തിന് കഴിഞ്ഞിട്ടുണ്ട്. മുഹമ്മദ് ബ്ന്‍ അബ്ദില്‍ വഹാബ് ഇസ്ലാമില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവന്നിട്ടില്ല. തന്റെ പ്രസ്ഥാനത്തെ അദ്ദേഹമോ അനുയായികളോ വഹാബിസം എന്ന് പേര് വിളിച്ചിട്ടില്ല. വഹാബിസത്തെ പഠിച്ച ചില ഗവേഷകരാണ് ആ പേരില്‍ വഹാബിസത്തെ വിളിച്ചത്.- പാഠഭാഗം വിശദീകരിക്കുന്നു.

വഹാബിസം ഒരു നവീന ചിന്തയല്ല. മറിച്ച് ശുദ്ധമായ തനതായ മൗലികമായ യഥാർത്ഥ ഇസ്ലാമിക പ്രസ്ഥാനമാണ്. നാല് മദ്ഹബില്‍ അടിയുറച്ചു കൊണ്ടുള്ള ശരീഅത്തിനെ അവലംഭിക്കുന്ന പുത്തന്‍ പ്രസ്ഥാനമാണ്. (ഇതില്‍ വൈരുദ്ധ്യമുള്ളത് പോലെ) ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പ്രസ്ഥാനം രണ്ടു ആശയത്തെ അധിഷ്ഠിതമാക്കിയുള്ളതാണ്. ഇസ്ലാമിനെ തെറ്റായ ആചാരങ്ങളില്‍ നിന്നും മോചിപ്പിക്കുക. അവയെ തൗഹീദിലെക്ക് കൊണ്ടു വരികയാണതിന്റെ ലക്ഷ്യം. ഈ അടിസ്ഥാനത്തിന് എതിരായ (ബിംബാരാധന രൂപങ്ങള്‍, ശിര്‍ക്ക്, മഖ്ബറകളെയും ഔലിയാഇനെയും കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍, അതിനെ തുടര്‍ന്നുള ഖുറാഫി ആചാരങ്ങളും ചിന്തകളും ) എല്ലത്തിനോടും യുദ്ധം ചെയ്തു.

റസൂലിനെയും ഔലിയാഇനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നും മുസ്ലിംകളെ കാഫിര്‍ ആക്കുന്നുവെന്നും അവരെ വധിക്കാമെന്നുമെല്ലാം അവര്‍ പ്രചരിപ്പിക്കുന്നു എന്നുള്ളതും വഹാബികളെക്കുറിച്ചുള്ള തെറ്റായ പ്രചാരണമാണ്. സമൂഹത്തില്‍ ഭിന്നതയും പ്രശ്‌നവുമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണതല്ലാം. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസധാരയാണ് ബ്ന്‍ അബ്ദുല്‍ വഹാബ് സ്വീകരിച്ചത്. അതോട് കൂടെ ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ വെളിച്ചത്തില്‍ പരിഷ്‌കരണങ്ങള്‍ നടത്തി. തൗഹീദിന്റെ ശത്രുക്കള്‍ക്കും ഖബര്‍ ആരാധകര്‍ക്കും വ്യക്കി താല്‍പര്യങ്ങളുടെയും ദുഷ്ചിന്തകളുടെയും ആളുകള്‍ക്കും അത് ദഹിച്ചില്ല.


ഇബ്‌നു അബ്ദുല്‍ വഹാബ് ശുദ്ധമായ തൗഹീദാണ് പ്രചരിപ്പിച്ചത്. എല്ലാ ഇനം ശിര്‍ക്കുകളെയും (മരിച്ചവരെയും മരങ്ങളെയും കല്ലുകളെയും ചുറ്റിപറ്റിയുള്ള ) വിലക്കി. അദ്ദേഹത്തിന്റെ അഖീദ പൂര്‍വ്വ സൂരികളായ സലഫിന്റെതും താബിഉകളുടെതുമാണ്. മുസ്ലിംകളിലെ തെറ്റായ വിശ്വാസങ്ങളെ (ഔലിയാഇനോടും ഖബറകളോടും തവസ്സുല്‍ ചെയ്യുക തുടങ്ങിയ ഇസ്ലാമില്‍ കടന്നുകൂടിയ തെറ്റായ ആചാരങ്ങളെ ) ഉന്മൂലനം ചെയ്യാന്‍ വേണ്ടി നജ്ദില്‍ ഹിജ്‌റ 12-ാം നൂറ്റാണ്ടില്‍ വന്ന പ്രസ്ഥാനമാണ് വഹാബിസം.


ഈ പ്രസ്ഥാനത്തിന്റെ അനുയായികള്‍ വഹാബി പ്രസ്ഥാനം എന്ന പേരിനെ എതിര്‍ക്കുന്നു. അഹ്ലുസുന്നത്തി വല്‍ ജമാഅത്ത് എന്ന പേരിനാണ് മുന്‍ ഗണന നല്‍കുന്നത്. യഥാര്‍ത്ഥ ഇസ്ലാമിലേക്ക് മടങ്ങാന്‍ ആവിശ്യപ്പെടുന്ന ഇബ്‌നുല്‍ ഖയ്യിമിന്റെയും ഇബ്‌നു തൈയ്മിയുടെയും ആശയങ്ങളെയാണ് വഹാബിസം അവലംബിക്കുന്നത്.- ഇങ്ങിനെ പോകുന്ന പാഠഭാഗത്തിലെ പരാമര്‍ശങ്ങള്‍.


ഈ ഭാഗങ്ങള്‍ അക്രമകാരിയും വികലമതഭ്രാന്തനുമായ മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനെ വെള്ളപൂശുന്നതും ജനങ്ങളില്‍ സ്വീകാര്യനാക്കുന്നതുമാണെന്നാണ് എസ് എസ് എഫ് ആരോപണം.


'വഹാബി പ്രസ്ഥാന സ്ഥാപകന്‍ ഇബ്നു അബ്ദുല്‍ വഹാബിനെ മഹത്വ വത്കരിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന തെറ്റായ ഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തീവ്ര ആശയങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുകയും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള മത വികല പ്രസ്ഥാനങ്ങളില്‍ ഒന്നാണ് വഹാബിസം. അങ്ങനെയൊരു സംഘടനയേയും നേതാവിനേയും വെള്ള പൂശാന്‍ സര്‍ക്കാര്‍ ചെലവില്‍ ശ്രമം നടത്തുന്നത് അത്യന്തം അപലപനീയമാണ്. ക്രൂരനായ മതവികല ഭ്രാന്തന്‍ എന്ന് മാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒരു വ്യക്തിയെയാണ് അനാവശ്യമായ അലങ്കാരങ്ങള്‍ നല്‍കി അവതരിപ്പിക്കുന്നത്. ഇബ്‌നു അബ്ദുല്‍ വഹാബും സംഘവും അക്രമപരമ്പരകള്‍ നടത്തിയെന്ന് ലോകം അംഗീകരിച്ചിരിക്കേ വസ്തുതകളുടെ തരിമ്പും പിന്‍ബലമില്ലാത്ത തെറ്റായ ചരിത്രത്തെ പാഠഭാഗങ്ങളില്‍ നിന്നും പിന്‍വലിക്കണം.'' - എസ് എസ് എഫ് ആവശ്യപ്പെട്ടു.


ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദുവിനും എസ് എസ് എഫ് കത്തയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K