19 August, 2021 07:14:45 PM


മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം: രണ്ട് നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ അൽഫോൺസ എന്ന മത്സ്യത്തൊഴിലാളിയുടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് ഈ മാസം ഒന്നാം തീയതി അല്‍ഫോണ്‍സിയയുടെ മീന്‍ കൂട്ട നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് ഇവര്‍ നശിപ്പിച്ചതെന്ന് അൽഫോൺസ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിച്ചതെന്നും അവർ വ്യക്തമാക്കിയിരുന്നു.


ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മത്സ്യത്തൊഴിലാളി അൽഫോൺസിയക്ക് നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് തീരദേശത്ത് ശക്തമായ സമര പരിപാടികൾ നടന്നു വരുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ നഗരസഭാ സസ്പെൻഡ് ചെയ്തത്. പ്രശ്നത്തിന്റെ തുടക്കത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നതായിരുന്നു നഗരസഭയുടെ നിലപാട്.


അതേസമയംതന്നെ കൗൺസിൽ അന്വേഷിച്ച ശേഷം ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അന്ന് നഗരസഭാധ്യക്ഷ എസ് കുമാരി അറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെയും ആറ്റിങ്ങൽ നഗരസഭയിൽ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തിലും വിവിധ സമരപരിപാടികൾ നടന്നുവരികയായിരുന്നു. പാർട്ടി നിർദേശത്തെ തുടർന്നാണ് നഗരസഭ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയിലേക്ക് നീങ്ങിയത് എന്നും സൂചനയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K