18 August, 2021 05:42:18 PM


'കുപ്പി' വാങ്ങാനുളള ക്യൂവിനിടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടു; കണ്ടെത്തി നല്‍കി പൊലീസ്



എരുമേലി: ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാന്‍ ക്യൂ നിന്നയാളുടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ റേഷന്‍ കാര്‍ഡ് കാണാനില്ല. പരാതിയുമായി എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഏതാനും മണിക്കൂറിനുള്ളില്‍ പരിഹാരമായി. എരുമേലി കൊരട്ടിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.


എരുമേലി കൊരട്ടിയില്‍ വിദേശ മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങാനെത്തിയ മണിപ്പുഴ സ്വദേശിയുടെ റേഷന്‍ കാര്‍ഡാണ് നഷ്ടപ്പെട്ടത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. പിന്നാലെ എരുമേലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എസ് എച്ച് ഒ എം. മനോജിന്റെ നിര്‍ദേശ പ്രകാരം സ്റ്റേഷനിലെ ക്യാമറാ സെല്‍ ജീവനക്കാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. കൊരട്ടി ബിവറേജസിന് മുന്നിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.


മദ്യം വാങ്ങാനെത്തിയ ആളുടെ പക്കല്‍ നിന്ന് രേഖകള്‍ നഷ്ടപ്പെടുന്നതും സ്‌കൂട്ടര്‍ യാത്രികന്‍ എടുക്കുന്നതും നിരീക്ഷണ ക്യാമറയില്‍ നിന്ന് പൊലീസ് കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ മനസിലാക്കി ഉടമയെ കണ്ടെത്തിയാണ് ഏതാനും സമയത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് പൊലീസ് തിരികെ വാങ്ങി ഉടമയ്ക്ക് കൈമാറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K