14 August, 2021 08:12:28 AM


ഏ​റ്റു​മാ​നൂ​ർ മഹാദേവക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ത്തി​ലെ സ്വർണ്ണം കെട്ടിയ മുത്തുകള്‍ കാണാനില്ല



കോ​ട്ട​യം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന് ആരോപണം. അതേസമയം, 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 രുദ്രാക്ഷമുത്തുകളുള്ള മാലയിലെ 9 മുത്തുകൾ മാത്രമാണ് കാണാതായതെന്നു ദേവസ്വം അധികൃതർ അറിയിച്ചു. 

ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഭഗവാന്‍റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്ന രുദ്രാക്ഷമാലയിലെ മുത്തുകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ട് മടക്കുകളായാണ് ചാർത്തിയിരുന്നത്. 

ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് കഴിഞ്ഞ മാസമാണ് ചുമതലയേറ്റത്. ചുമതലയേറ്റ ഉടൻ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാധന സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്ന് മേൽശാന്തി ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോഴാണ് മാലയിലെ മുത്തുകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. അതേസമയം,  കണക്കിൽ പെടാത്ത മറ്റൊരു മാല കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ദേവസ്വം വിജിലൻസിനും ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. വിവരം അറിഞ്ഞ് ദേവസ്വം വിജിലൻസ് പ്രാഥമിക പരിശോധന നടത്തി. തിരുവാഭരണം നഷ്ടപ്പെട്ടതിനാൽ അന്വേഷണത്തിന്‍റെ ചുമതല തിരുവാഭരണ കമ്മീഷണർ എസ് അജിത്കുമാറിനാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K