10 August, 2021 08:40:54 PM


രാജ്യത്ത് പകുതിയിലേറെ കോവിഡ് കേസുകളും കേരളത്തിൽ നിന്ന്; പ്രതിരോധത്തിൽ ഗുരുതര വീഴ്ച



ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽനിന്നാണ് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തിൽനിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 28,204 പേര്‍ക്കാണ്. ഇതില്‍ 13,049 പേരും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ രോഗികളാണ് പ്രതിദിനം പുതിയതായി വരുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഇന്ന് 15 ശതമാനം കടക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് അടുത്തിടെയായി പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.


സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് കണ്ടെയ്ൻമെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിലും അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും കേരളം വീഴ്ച വരുത്തി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചല്ല കേരളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും കേന്ദ്രസംഘം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ടിപിആർ പത്ത് ശതമാനത്തിന് മുകളിലാണ്. സിഎഫ്ആർ(കേസ് ഫറ്റലിറ്റി റേറ്റ്) 0.5 ശതമാനമാണ്. ഐസിഎംആർ റിപ്പോർട്ട് പ്രകാരം 44 ശതമാനമാണ് സംസ്ഥാനത്തെ സെറോപോസിറ്റീവ് നിരക്ക്.


മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 80 ശതമാനത്തിൽ അധികവും ഡെൽറ്റ വകഭേദമാണെന്നും കേന്ദ്രസംഘത്തിന്‍റെ റിപ്പോർട്ടിലുണ്ട്. വീടുകളിൽ കോവിഡ് പകരുന്ന സ്ഥിതിവിശേഷം കേരളത്തിൽ വളരെ കൂടുതലാണെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു. ഇതുകൊണ്ടുതന്നെ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നു. മെയ്, ജൂൺ മാസങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ 30 ശതമാനം വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 72 മണിക്കൂറിനകം സംഭവിച്ചതാണെന്ന സ്ഥിതിവിശേഷവും കേന്ദ്രസംഘം ചൂണ്ടിക്കാണിക്കുന്നു.


പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല എന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വാദം കേന്ദ്രം തള്ളിക്കളഞ്ഞു. പത്തനംതിട്ട ജില്ലയില്‍ രണ്ടാമതും കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രസംഘത്തെ നയിച്ച എന്‍സിഡിസി ഡയറക്ടര്‍ ഡോ എസ് കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയടക്കം മൂന്ന് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മറ്റു രണ്ടെണ്ണം. സംസ്ഥാനത്തെ പത്തിലധികം ജില്ലകളില്‍ കോവിഡ് വ്യാപനം തുടരുകയാണെന്നും ഡോ എസ് കെ സിങ് മാധ്യമങ്ങളോട് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K