04 August, 2021 01:42:34 PM


പാലക്കാട് ക്ഷീരസഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു



പാലക്കാട്: വടകരപ്പതിയിലെ ക്ഷീരസഹകരണ സംഘത്തിൽ വൻക്രമക്കേട്. വടകരപ്പതി ശാന്തലിംഗ നഗർ ക്ഷീരോല്പാദക സഹകരണ സംഘത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. സംഘം സെക്രട്ടറിയുടെ ഭർതൃപിതാവിന്റെ പേരിൽ പാലൊഴിച്ചതായി കണക്കുണ്ടാക്കി ലക്ഷങ്ങളാണ് തട്ടിയത്. ഇതിന് പുറമെ കാലിത്തീറ്റ വിതരണത്തിലും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. സംഭവത്തെ തുടർന്ന് സെക്രട്ടറിയെ സസ്പെന്റ് ചെയ്തു.


വടകരപ്പതിയിലെ ശാന്തലിംഗ നഗർ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഴിമതികളെക്കുറിച്ച് ലഭിച്ച പരാതിയിൽ ചിറ്റൂർ ക്ഷീര വികസന വകുപ്പ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയത്. സംഘം സെക്രട്ടറി മഞ്ജുളയുടെ ഭർതൃപിതാവ് കൃഷ്ണസ്വാമി സൊസൈറ്റിയിൽ പാലൊഴിച്ചതായി കണക്കുണ്ടാക്കി പണം തട്ടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 9577 ലിറ്റർ പാലൊഴിച്ചുവെന്ന് കണക്കുണ്ടാക്കി പണം തട്ടി.


ക്ഷീര കർഷകർക്കുള്ള ധനസഹായങ്ങളും ആനുകൂല്യങ്ങളും ഇയാൾ അനർഹമായി  നേടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിൽ ഈ കാലയളവിൽ ഇയാൾക്ക് പശുവുണ്ടായിരുന്നില്ലെന്നും തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ വാങ്ങി സൊസൈറ്റിയിൽ നൽകിയതാണെന്നും കണ്ടെത്തി. സൊസൈറ്റി മുഖേനയുള്ള കാലിത്തീറ്റ വിതരണത്തിലും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. 5,84, 000 രൂപയുടെ അഴിമതി നടന്നതായാണ് റിപ്പോർട്ട്.


റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സെക്രട്ടറി മഞ്ജുളയെ അന്വേഷണ വിധേയമായി  സസ്പെൻഡ് ചെയ്തു. സംഘം നടത്തിയ ഇടപാടുകളിലെല്ലാം ക്രമക്കേട് നടന്നതോടെ കൂടുതൽ പരിശോധനക്കൊരുങ്ങുകയാണ് അധികൃതർ. എന്നാൽ അഴിമതി നടത്തിയിട്ടില്ലെന്നും തനിയ്ക്കെതിരെയുള്ളത് തെറ്റായ പരാതിയാണെന്നും സസ്പെൻഷനിലായ മഞ്ജുള പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K