03 August, 2021 01:24:53 PM


കുമ്പളങ്ങി കൊലപാതകം: വയറു കീറി കല്ലുനിറച്ച് ചെളിയില്‍ താഴ്ത്താന്‍ സഹായിച്ചത് 22കാരി



കൊച്ചി: കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ താഴ്ത്തിയ കേസില്‍ പുറത്ത് വരുന്നത് നിർണായക  വിവരങ്ങള്‍. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആന്റണി ലാസറിന്‍റെ മൃതദേഹം വയര്‍ കീറി കല്ല് നിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് കേസിലെ മുഖ്യ പ്രതി ബിജുവിന്‍റെ ഭാര്യ രാഖിയെന്ന് പോലീസ് വ്യക്തമാക്കി. ആൻറണി ലാസറിനെ കൊന്ന് വയറ് കീറിയ ശേഷം ആന്തരിക അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളിയതും രാഖിയാണെന്ന് പോലീസ് കണ്ടെത്തി.


കേസിലെ മുഖ്യപ്രതി കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ആന്റണി ലാസറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിന്‍റെ ഭാര്യ തറേപ്പറമ്പിൽ മാളു എന്ന രാഖി (22) കുമ്പളങ്ങി പുത്തൻകരി സെൽവൻ (53) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടത്. നാലുവര്‍ഷം മുന്‍പുണ്ടായ അടിപിടിയെ തുടർന്ന് ഉടലെടുത്ത വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.


കഴിഞ്ഞ മാസം ഒന്‍പതിന് ആന്‍റണി ലാസറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. സഹോദരൻ ഷോളി നൽകിയ പരാതിയില്‍ പള്ളുരുത്തി പോലീസ് കേസുമെടുത്തു. അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്നാംപ്രതി ബിജുവിന്‍റെ വീടിന് പിന്നിലെ പാടവരമ്പില്‍ ചതുപ്പിൽ കുഴിച്ചിട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളില്‍ നിന്നാണ് മരിച്ചത് ആന്റണി ലാസറാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. മട്ടാഞ്ചേരി എസിപി ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തില്‍ പള്ളുരുത്തി സി.ഐ നടത്തിയ അന്വേഷണത്തില്‍ നാലുവര്‍ഷം മുന്‍പ് ആന്‍റണി ലാസര്‍ സമീപവാസിയായ ബിജുവിനെ ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്ന് മനസിലായി.


കാണാതായ ദിവസം പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ ആന്റണി ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വീട്ടിൽ ആൻറണി ലാസറുമൊന്നിച്ച് മദ്യപിച്ചശേഷം ബിജുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു. തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. നിലത്തുവീണ ആന്റണി ലാസറിന്‍റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി. മര്‍ദനമേറ്റ് മരിച്ചെന്ന് ഉറപ്പായതോടെ വീടിന് പുറകിലെ പാടവരമ്പത്ത് കുഴികുത്തി മൂടി. മര്‍ദനത്തിനും, മൃതദേഹം ഒളിപ്പിക്കുന്നതിനും പ്രതികള്‍ക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. കേസിലെ മുഖ്യപ്രതി ബിജുവിനും സുഹൃത്തിനും വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.


ലാസറിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ തിരോധാനത്തിൽ ബിജുവിനെ സംശയമുള്ളതായി പറഞ്ഞിരുന്നു. ഇയാളെയും സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പോലീസ് വിട്ടയച്ചതിനു പിന്നാലെ ഇരുവരും ഒളിവിൽ പോയി. കാണാതായതിനു ശേഷവും ലാസറിന്റെ മൊബൈൽ കുമ്പളങ്ങി ടവറിന്റെ പരിധിയിലാണെന്നും പോലീസ് കണ്ടെത്തി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചതുപ്പിൽ കുഴിച്ചിട്ട മൃതദേഹം വെള്ളം പൊങ്ങിയതിനെ തുടർന്ന് ചാലിൽ ഒഴുകിയെത്തിയതാണെന്ന് കരുതുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K