07 June, 2016 10:54:12 PM


വിജയകുമാറിന്റെ മകളെന്ന വിശേഷണം തനിക്ക് ആവശ്യമില്ലെന്ന് അര്‍ത്ഥന



നടന്‍ വിജയകുമാറിന്റെ മകളെന്ന വിശേഷണം തനിക്ക് ആവശ്യമില്ലെന്നും അര്‍ത്ഥന വിജയകുമാര്‍ എന്നല്ല എന്റെ പേരെന്നും നടിയും അവതാരകയുമായ അര്‍ത്ഥന. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല.


അമ്മ ബിനുവും അച്ഛന്‍ വിജയകുമാറും തമ്മില്‍ വിവാഹമോചനം നേടിയവരാണ്. അതുകൊണ്ടുതന്നെ അര്‍ത്ഥന ബിനുവെന്ന് അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം. അച്ഛന്റെ ലേബലില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ല. അര്‍ത്ഥന പറയുന്നു. വിജയകുമാറിന്റെ മകള്‍ എന്ന വിശേഷണത്തോടെയാണ് മലയാള സിനിമാ ലോകം അര്‍ത്ഥനയെ പരിചയപ്പെടുത്തിയത്. തുടര്‍ന്നാണ് തിരുത്തലുമായി അര്‍ത്ഥന തന്നെ രംഗത്തെത്തിയത്.


മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് അര്‍ത്ഥന മലയാള സിനിമയില്‍ അരങ്ങേറിയത്. നടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ആണ് അര്‍ത്ഥനയുടെ ജോഡിയായി ചിത്രത്തില്‍ എത്തിയത്. അവതാരകയായും മോഡലായും തിളങ്ങിയ അര്‍ത്ഥനയുടെ അരങ്ങേറ്റം തെലുങ്കിലൂടെയായിരുന്നു. രാജ് തരുണ്‍ നായകനായ സീതമ്മ ആണ്ടാലു രാമയ്യ സീട്രാലു എന്ന ചിത്രമാണത്. സീതാ മഹാലക്ഷ്മി എന്ന ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷ്വല്‍ മീഡിയ ആന്റ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയായ അര്‍ത്ഥന മാര്‍ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്. ഇനി പി.ജി ചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.2K