02 August, 2021 05:54:37 PM


അടച്ചിട്ട കേരളത്തില്‍ 6 ആഴ്ചയ്ക്കുള്ളിൽ പണമില്ലാതെ ജീവനൊടുക്കിയത് 20 പേർ



കോട്ടയം: കൊറോണാ വ്യാപനത്തെതുടര്‍ന്ന് അടച്ചിട്ട കേരളത്തില്‍ 42 ദിവസത്തിനുള്ളിൽ പണമില്ലാതെ ജീവനൊടുക്കിയത് 20 പേർ. കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങള്‍ ജീവനൊടുക്കിയതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീർ ഖാനും നിസാർ ഖാനും തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. 33 വയസായിരുന്നു. ക്രെയിൻ സർവീസ് സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു ഇരുവരും.


ലോക് ഡൗൺ കാരണം ഒരു വർഷം മുൻപ് ജോലി നഷ്ടമായി, കുറച്ചു മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബാങ്കിൽ വായ്പയെടുത്ത പണം തിരിച്ചടക്കാനുള്ള സമ്മർദം വേറെയും ഉണ്ടായിരുന്നു . രാവിലെ കാപ്പിയുമായി എത്തിയ എത്തിയ ഉമ്മ ഫാത്തിമയാണ് ഇരുവരെയും അടുത്ത മുറികളിൽ മരിച്ച നിലയിൽ കണ്ടത്. ഇതോടെ കേരളത്തിൽ ജൂണ്‍ 21 മുതൽ 42 ദിവസത്തിൽ സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 20 ആയി. മെയ് എട്ടു മുതലാണ് ലോക്ക് ഡൗൺ മൂലം കേരളം നിയന്ത്രണം കടുപ്പിച്ചത് .


ഞായറാഴ്ച മാവേലിക്കര ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റർ ഉടമ കണ്ടിയൂർ ഗൗരീശങ്കരത്തിൽ വിനയകുമാറിനെ (43) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ബന്ധുക്കളാണ്. വായ്പ എടുത്ത് തുടങ്ങിയതാണ് സ്ഥാപനം. ഒരു വർഷം മുൻപ്, കോവിഡ് ഒന്നാം തരംഗം രൂക്ഷമായപ്പോൾ തന്നേ അതിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും ഉണ്ട്‌.


ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബമാണ്. മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്നു ഗൃഹനാഥന്‍. ജൂലൈ 1ന് ഇടുക്കിയിലെ ഏലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ആണ് ആത്മഹത്യ ചെയ്തത്.സ്വകാര്യ സ്ഥാപനത്തിന് വായ്പ എടുത്തിരുന്നു. അധികൃതര്‍ ദിനംപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്.


ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രനെ(53) മരിച്ച നിലയില്‍ കണ്ടെത്തി. ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി (55) ആത്മഹത്യ ചെയ്തു. ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55) മരിച്ചു. ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) ജീവനൊടുക്കി. പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56) ആത്മഹത്യ ചെയ്തു. ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് (36) എന്നിവരാണ് മരിച്ചത്.


ജൂലൈ 7ന് ആലപ്പുഴ മാന്നാര്‍ സ്വദേശി വിഷ്ണു പ്രസാദ് (35) ആത്മഹത്യ ചെയ്തു. കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ നടത്തുകയായിരുന്നു. യാണ്. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ആത്മഹത്യ ചെയ്ത മകൻ ശരത്തി(27) നെ കണ്ട അച്ഛൻ ദാമോദരനും (53) ആത്മഹത്യ ചെയ്തു.


സാമ്പത്തിക ബാധ്യതയെ തുടർന്ന് കോട്ടയത്ത് ടൂറിസ്റ്റ് വാൻ ഉടമ ജൂലൈ 30 ന് ആത്മഹത്യ ചെയ്ത കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തിൽ വി.മോഹനൻ (50) ആണ് മരിച്ചത്.സ്വകാര്യ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു.സ്വന്തമായി ഉണ്ടായിരുന്ന വാനിന്റെ തിരിച്ചടവു മുടങ്ങി. വാൻ വിറ്റെങ്കിലും വായ്പ അടയ്ക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് സ്വകാര്യ ബാങ്ക് പൊലീസിൽ പരാതി നൽകി. പണം കൊടുത്തു തീർക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്ന വെള്ളിയാഴ്ച ഉച്ചയോടെ മോഹനൻ ആത്മഹത്യ ചെയ്യുകയായിരുന്നു.


വടകര മേപ്പയൂരിൽ ചായക്കട നടത്തിയിരുന്ന കൃഷ്‌ണനെ ചായക്കടയ്ക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന കൃഷ്ണൻ. ശനിയാഴ്ച രാവിലെ കട തുറന്നിരുന്നു. എന്നാൽ ഉച്ചയോടെ കാണാതായി. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും രാവിലെ വരെ തെരച്ചിൽ നടത്തി. പിന്നാലെ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയോടൊപ്പമാണ് ഹോട്ടല്‍ നടത്തിയിരുന്നത്. രണ്ടു മക്കളുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കൃഷ്ണന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K