31 July, 2021 11:52:44 AM


കെട്ടിടാനുമതിക്ക് കൈക്കൂലി, ലോഡ് ഇറക്കാൻ കഴുത്തറപ്പൻ കൂലി; ആരോപണവുമായി വ്യവസായി



മലപ്പുറം: വട്ടംകുളം പഞ്ചായത്ത് അധികൃതർ കെട്ടിടത്തിന് അനുമതി നിഷേധിക്കുന്നു എന്ന ആരോപണവുമായി പെയിന്റ് നിർമാതാക്കളായ ടർബോലക്സ് രംഗത്ത്. പൂർത്തീകരിച്ച കെട്ടിടത്തിന് അനുമതി നൽകാൻ  അസിസ്റ്റന്റ് എഞ്ചിനീയർ കൈക്കൂലി ചോദിച്ചു എന്നും ടർബോലക്സ് എം ഡി കെ രഘു ആരോപിച്ചു. സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന ലോഡ് ഇറക്കാൻ ചുമട്ടുതൊഴിലാളികൾ ഭീമൻ കൂലി ആവശ്യപ്പെട്ടു എന്നും രഘു പറയുന്നു.


നിലവിൽ മലപ്പുറം ജില്ലയിലെ ആലംകോട് ഉള്ള ടർബോലക്‌സ് പെയിന്റ് നിർമാണ യൂണിറ്റ് കുറേക്കൂടി വിപുലീകരിച്ചാണ് വട്ടംകുളത്തേക്ക് മാറ്റുന്നത്. ഇതിനുവേണ്ടി അംഗീകൃത എഞ്ചിനീയറുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടവും നിർമിച്ചു. പക്ഷേ ഈ കെട്ടിടത്തിന് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അനുമതി മനപൂർവം നിഷേധിക്കുന്നു എന്ന് ആണ് രഘു ആരോപിക്കുന്നത്.


ഗോഡൗൺ ആവശ്യത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിൽ ശുചിമുറികൾ ചട്ടപ്രകാരം ഇല്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകാത്തത് എന്നും കൈക്കൂലി ചോദിച്ചു എന്നും രഘു ആരോപിക്കുന്നു. "2014 ലാണ് ആലംകോട് പഞ്ചായത്തിലെ കോക്കൂരിൽ പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗോഡൗൺ വട്ടംകുളത്ത് നിർമിച്ചത്. അംഗീകൃത എഞ്ചിനീയറാണ് ഇതിന് മേൽനോട്ടം വഹിച്ചത്. നിർമാണം പൂർത്തിയായെങ്കിലും വട്ടംകുളം പഞ്ചായത്ത് പൊതുഭരണ വിഭാഗം ബിൽഡിംഗ് പെർമിറ്റ് നൽകുന്നില്ല.


പ്ലാനിൽ മാറ്റം വരുത്തണം എന്നാണ് അസിസ്റ്റന്റ് എഞ്ചിനീയർ ആവശ്യപ്പെടുന്നത്. ശുചിമുറികൾ ഇനിയും നിർമിക്കണം, ഇതിൽ ഭിന്നശേഷി ഉള്ളവർക്ക് വേണ്ടി സൗകര്യങ്ങൾ ഉൾപ്പെടുത്തണം. സെപ്റ്റിക് ടാങ്ക് വീതി കുറക്കണം എന്നൊക്കെ ആണ് ആവശ്യപ്പെടുന്നത്. ഇത് ഒരു ഗോഡൗൺ ആണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അംഗീകരിക്കുന്നില്ല.


കോവിഡ് പ്രതിസന്ധി അവസാനിച്ചാൽ പറഞ്ഞ രീതിയിൽ ഉള്ള സംവിധാനങ്ങൾ ഒരുക്കാം, പ്രവർത്തനാനുമതി നൽകണം എന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണ്." ടർബോലക്സ് എംഡി കെ രഘു പറയുന്നു. എൻജിനീയർ വലിയ തുക കൈക്കൂലി ആവശ്യപ്പെട്ടു, പക്ഷേ അത് നൽകാൻ കഴിയില്ല. അതുകൊണ്ടാണ് അനുമതി നൽകാതിരിക്കുന്നതെന്നും ഉടമ പറയുന്നു.


6 ട്രക്കുകളിലായി കൊണ്ടുവന്ന ഉത്പന്നങ്ങൾ വട്ടംകുളത്തെ ചുമട്ടു  തൊഴിലാളികൾ ഇറക്കാൻ അനുവദിച്ചില്ല എന്നും ഇവർ പറയുന്നു. സ്വന്തം തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കാൻ ശ്രമിച്ചപ്പോൾ അത് തടഞ്ഞ യൂണിയനുകൾ ഭീമൻ തുകയാണ് ഇറക്കുകൂലി ആയി ആവശ്യപ്പെട്ടത്. തുടർന്ന് ലോഡ് ഇറക്കാതെ മടക്കേണ്ടി വന്നു. എടപ്പാൾ മേഖല പൂൾ എ വിഭാഗത്തിൽ ആണെന്നും ഇവിടെ അംഗീകൃത ചുമട്ടു തൊഴിലാളികളെ കൊണ്ട് മാത്രമേ ലോഡ് ഇറക്കാൻ പാടൂ എന്ന് ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് കത്ത് അയച്ചു എന്നും രഘു പറഞ്ഞു.


സർക്കാരും വ്യവസായ വകുപ്പ് മന്ത്രിയും നല്ല രീതിയിൽ പിന്തുണ നൽകുമ്പോഴും കുറച്ച് ഉദ്യോഗസ്ഥർ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നും ടർബോലക്സ് ഉടമകൾ പറയുന്നു. എന്നാൽ സർക്കാർ നിർദേശിക്കുന്ന ചട്ട പ്രകാരം കെട്ടിടം നിർമിക്കാത്തത് കൊണ്ടാണ് അനുമതി നൽകാത്തത് എന്ന് വട്ടംകുളം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സന്തോഷ് പറഞ്ഞു. കൈക്കൂലി ചോദിച്ചു എന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K