27 July, 2021 09:05:52 PM


കേരളത്തിലെ ഏഴു ജില്ലകളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇളവുകള്‍ നല്‍കരുതെന്ന് കേന്ദ്രം




ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ ഏഴുജില്ലകളില്‍ അതീവവ്യാപനമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. കേരളത്തിലെ പത്ത് ജില്ലകളില്‍ 10 ശതമാനത്തിനു മുകളിലാണ് രോഗസ്ഥിരീകരണ നിരക്ക്.


രാജ്യത്ത് 22 ജില്ലകളിലാണ് കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നത്. ഇതില്‍ ഏഴെണ്ണം കേരളത്തിലാണ്. മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം ഉള്‍പ്പെടെ രോഗവ്യാപനം കൂടുതലുള്ളത്. വ്യാപനം കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.


കേരളത്തില്‍ വൈറസ് പെരുകുന്നത് പ്രധാന ആശങ്കയാണ്. കൂടുതല്‍ വകഭേദങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും അനുവദിക്കരുത്, രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K