24 July, 2021 05:27:03 PM


ഹെല്‍ത്ത് & വെല്‍നെസ് സെന്‍റര്‍: കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകും - മുഖ്യമന്ത്രി



കോട്ടയം: കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകളാക്കി ഉയര്‍ത്തുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ആരോഗ്യ മേഖലയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവും ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 


കോട്ടയം ജില്ലയിലെ ആറ് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകളാക്കി ഉയര്‍ത്തിയതിന്‍റെ പ്രഖ്യാപനം നിര്‍വഹിച്ച മുഖ്യമന്ത്രി കോട്ടയം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂളില്‍ സജ്ജീകരിച്ച സ്‌കില്‍ ലാബിന്‍റെ ഉദ്ഘാടനവും ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്കിന്‍റെ നിര്‍മാണോദ്ഘാടനവും  നിര്‍വഹിച്ചു.


കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനം പകരുംവിധം മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖലയ്ക്കു കഴിഞ്ഞു. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലയില്‍ കൈവരിച്ച സമഗ്ര പുരോഗതി പകര്‍ച്ചവ്യാധികള്‍ സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായകമായി. ഇതേ കാഴ്ച്ചപ്പാടോടുകൂടിതന്നെയാണ് ഈ സര്‍ക്കാരും മുന്നോട്ടു പോകുന്നത്-മുഖ്യമന്ത്രി പറഞ്ഞു.  


കോട്ടയം ജില്ലയില്‍ കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, നാട്ടകം, വെള്ളാവൂര്‍, പൂഞ്ഞാര്‍ കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങളെയാണ് ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകളായി പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്,  എം.എല്‍.എമാരായ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍,  സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഡി.എം ഒ ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K