23 July, 2021 07:11:28 PM


സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചത് 44 പേര്‍ക്ക്; ഏഴ് പേര്‍ നിലവില്‍ ചികിത്സയില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 44  പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 7 പേരാണ് രോഗികളായുള്ളവര്‍. അതില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരുടേയും നില തൃപ്തികരമാണ്.


ഈ ആഴ്ച സിക്ക വൈറസ് കേസ് കുറവാണെങ്കിലും  ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കെട്ടില്‍ക്കാന്‍ അനുവദിക്കരുത്. കൊതുക് വളരാനുള്ള സാഹചര്യമൊരുക്കരുത്. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇനിയും സിക്ക വൈറസ് കേസ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സിക്ക വൈറസ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.


കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഇന്നലെ വരെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 5,75,839 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 5,19,862 പേരെ കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു. ആകെ 3,42,832 വാഹനങ്ങളാണ് ഇക്കാലയളവില്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 16,311 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,235 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 40,21,450 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K