23 July, 2021 01:22:37 PM


ഭര്‍ത്താവിന്‍റെ ബീജത്തില്‍ നിന്ന് കുട്ടി വേണമെന്ന് ഭാര്യ; ബീജം ശേഖരിച്ചത് മൃതദേഹത്തില്‍നിന്ന്



വഡോദര: ഭര്‍ത്താവിന്‍റെ ബീജത്തില്‍ നിന്ന് തന്നെ കുട്ടികള്‍ വേണമെന്ന യുവതിയുടെ ആവശ്യത്തെ തുടര്‍ന്ന്, കോടതി ഉത്തരവ് പ്രകാരം, ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. രോഗ ബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ സഹായം തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഇവര്‍. ദുരിതപൂര്‍ണ്ണമായ ഇവരുടെ അവസ്ഥ കണ്ട് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.


അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്‌നോളജി (ART) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവര്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുക. റിപ്പോട്ടുകള്‍ പ്രകാരം കഴിഞ്ഞ മെയ് 10-നാണ് കോവിഡ്-19 ബാധിച്ച് യുവതിയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് ന്യുമോണിയ ബാധിക്കുകയും എക്‌സ്ട്രാകോര്‍പ്രിയല്‍ മെമ്പ്രേന്‍ ഓക്‌സിജനേഷന്‍ അഥവാ ഇസിഎംഓ എന്ന ചികിത്സയ്ക്ക് വിധേയനായി. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രോഗി മരണമടയുന്നത്. വഡോദരയിലെ സ്‌റ്റെര്‍ലിങ്ങ് ആശുപത്രിയിലായിരുന്നു ചികിത്സ.

രോഗിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന്, ഇദ്ദേഹത്തിന് 24 മണിക്കൂര്‍ കൂടിയേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ ഭാര്യയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തന്റെ ആഗ്രഹം അറിയിക്കുന്നത്. അതേസയം, ഐവിഎഫ് ചികിത്സയ്ക്ക് ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം വേണമെന്ന നിയമം ഇവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. അബോധാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിന് സമ്മതം രേഖപ്പെടുത്തുവാന്‍ കഴിയാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഇവരുടെ ആവശ്യം തള്ളിക്കളഞ്ഞു. തുടര്‍ന്നാണിവര്‍ കോടതിയെ സമീപിക്കുന്നത്.


യുവതിയും, ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് ART ന് ആവശ്യം അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അഡ്വക്കേറ്റ് നിലയ് പട്ടേല്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. 24 മണിക്കൂറില്‍ കൂടുതല്‍ രോഗി ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അതേസമയം, രോഗി അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ല എന്ന് കോടതി പറയുന്നു. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം നിരസിച്ചത്.


അതേസമയം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍, രോഗിയുടെ ബീജം ശേഖരിക്കാനും സംരക്ഷിക്കാനും സ്‌റ്റെര്‍ലിങ്ങ് ആശുപത്രിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ശേഖരിച്ച ബീജം ആശുപത്രിയില്‍ നിന്ന് ഐവിഎഫ് ബാങ്കിലേക്ക് മാറ്റി. ഇന്ന് നടക്കുന്ന വാദത്തില്‍ കോടതി അന്തിമ വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് രോഗി മരണത്തിന് കീഴടങ്ങിയത്. മരണ ശേഷമാണ് രോഗിയില്‍ നിന്നും, കോടതി ഉത്തരവ് പ്രകാരം ആശുപത്രി അധികൃതരുടെ സമ്മതത്തോടെ ബീജം ശേഖരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K