22 July, 2021 06:08:02 PM


കോടതിയില്‍ കീഴടങ്ങാനെത്തിയ 'വ്യാജ അഭിഭാഷക' മണിക്കൂറുകൾക്കകം മുങ്ങി



ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ കോടതിയിൽ പ്രാക്ടീസ് ചെയ്ത യുവതിയുടെ പേരിൽ പോലീസ് കേസ് എടുത്ത സംഭവത്തിൽ നാടകീയ രംഗങ്ങൾക്ക് വേദിയായി ആലപ്പുഴ കോടതി. പ്രതി സെസ്സി സേവ്യർക്കെതിരെ  ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്ത പശ്ചാത്തലത്തിൽ ഇന്ന് രാവിലെ കീഴടങ്ങാനായി പ്രതി പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ജുഡീഷ്യൽ  ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തുകയായിരുന്നു. എന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്തിയതിനാൽ കേസ് സി ജി എം കോടതിയിലേക്ക് മാറ്റിയിരുന്നു.


സെസ്സിയുടെ ജാമ്യാപേക്ഷ  സി ജി എം കോടതി പരിഗണിക്കുന്നതിൽ കാലതാമസം നേരിട്ടേക്കുമെന്നും ജാമ്യം ലഭിക്കില്ലെന്നും സൂചന ലഭിച്ചതോടെ പ്രതി വീണ്ടും ഒളിവിൽ പോകുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടനാട് രാമങ്കരി സ്വദേശിനി സെസ്സി സേവ്യർ ഇതുവരെ ഒളിവിലായിരുന്നു എന്നാണ് പൊലീസ് നൽകിയ വിശദീകരണം. കേസെടുത്ത് ദിവസങ്ങൾക്ക്  ശേഷമാണ് സെസ്സി സ്വന്തം കോടതിയിൽ തന്നെ കീഴടങ്ങാനെത്തിയത്. മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ഇവർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷനിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.


ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സെക്രട്ടറി ആലപ്പുഴ നോർത്ത് പൊലിസിൽ പരാതി നൽകിയിരുന്നു. സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എൻറോൾമെൻ്റ് നമ്പർ നൽകി അംഗംത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പൊലീസ് സെസ്സിക്കെതിരെ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കിയിരുന്നു.


രണ്ടര വർഷമായി ജില്ലാ കോടതിയിൽ ഉൾപ്പടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം അസോസിയേഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തെ തുടർന്ന് സെസ്സി സേവ്യർ ഒളിവിലായിരുന്നു. അസോസിയേഷനിൽ കൂടുതൽ ഭൂരിപക്ഷം നേടി ജയിച്ച ഇവർ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ആലപ്പുഴ കോടതിയിലെ സീനിയർ അഭിഭാഷകൻ ബി ശിവദാസിന്‍റെ കീഴിലാണ് ഫൈനൽ ഇയർ നിയമ ബിരുദ വിദ്യാർത്ഥിയായി സെസ്സി എത്തിയത്. ഇന്റേൺഷിപ്പിന്റെ  ഭാഗമായായിരുന്നു ഇത്.


തുടർന്ന് പഠനത്തിന്‍റെ ഭാഗമായി കോടതികളിൽ ഇവർ എത്തുകയും ചെയ്തിരുന്നു. പഠന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയിൽ ബാർ അസോസിയേഷനിൽ അംഗത്വം നേടുകയും ചെയ്തു. വർഷങ്ങളോളം ഇവർ നിയമബിരുദം കരസ്ഥമാക്കി എന്നാണ് സഹപ്രവർത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചിത്. ബാർ കൗൺസിൽ കേരളയുടെ കീഴിൽ എൻറോൾ ചെയ്തതായി അറിയിച്ച് ബാർ അസോസിയേഷൻ അംഗത്വത്തിനായി സമീപിക്കുകയും 2019 മാർച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് അസോസിയേഷൻ നടത്തിയ പരിശോധനയിൽ അഭിഭാഷകയായി എൻറോൾ ചെയ്തതിന്‍റെ പ്രധാന രേഖകൾ  കണ്ടെത്താനാകാതെ വന്നതോടെയാണ് കള്ളക്കളി പുറത്തായത്.


ആ സമയം പ്രമുഖ അഭിഭാഷകന് കീഴിൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ച് ജൂനിയർ അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നടന്ന അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ കഴിഞ്ഞ ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തിൽ നിന്നാണ് വ്യാജരേഖകൾ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിച്ചത്. സെസ്സി ഉപയോഗിക്കുന്ന റോൾ നമ്പർ വ്യാജമാണെന്ന് കത്തിൽ നമ്പർ സഹിതം വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K