22 July, 2021 03:19:16 PM


കോട്ടയത്ത് ആരോഗ്യ മേഖലയിലെ ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും

ഇടമറുകില്‍ പുതിയ ഒ.പി ബ്ലോക്കിന് ശിലയിടും



കോട്ടയം: ജില്ലയില്‍ ആരോഗ്യ മേഖലയിലെ ഏഴ്  പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 24ന് ഓൺലൈനില്‍ നിർവഹിക്കും. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി. ബ്ലോക്കിന്‍റെ ശിലാസ്ഥാപനവും ഇതോടനുബന്ധിച്ചു നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും.  


ചടങ്ങില്‍ കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, നാട്ടകം, വെള്ളാവൂർ, പൂഞ്ഞാർ കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകളായി പ്രഖ്യാപിക്കും. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം  ഓരോ കേന്ദ്രങ്ങൾക്കും ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നും ശരാശരി ഏഴു ലക്ഷം രൂപ വീതമാണ്   ചെലവഴിച്ചത്. ഈ കേന്ദ്രങ്ങളില്‍ ഇനി പോഷകാഹാര ക്ലിനിക്, പ്രായമായവർക്കുള്ള ആരോഗ്യ സേവനങ്ങൾ, കുഞ്ഞുങ്ങളുടെ വളർച്ചാ പരിശോധന, പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗ പരിശോധന, ഗര്‍ഭിണികൾക്കുള്ള പരിശോധനകൾ, കൗമാരക്കാർക്കുള്ള പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ലഭിക്കും.  


കാത്തിരിപ്പ് മുറി, ക്ലിനിക്, പ്രതിരോധ കുത്തിവയ്പ് മുറി, ഭക്ഷണ മുറി, ഐ.യൂ.സി.ഡി റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ആറ്  കേന്ദ്രങ്ങളിലും നിലവിലുള്ള ഒരു ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ എന്നിവർക്ക് പുറമെ ഒരു സ്റ്റാഫ് നഴ്‌സിനെ കൂടി നിയമിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള 60 ലക്ഷം രൂപ ചെലവഴിച്ച് കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് സ്കൂളില്‍ സജ്ജമാക്കിയ സ്കില്‍ ലാബിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. 


ആര്‍ദ്രം മിഷനില്‍  1.75 കോടി രൂപ ചിലവിട്ടാണ് ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ  ഒ.പി വിഭാഗം,  ഫർമസി, ലാബ്, പ്രതിരോധ കുത്തിവെയ്പ്പ് മുറി, നിരീക്ഷണ മുറി, നേഴ്സസ് റൂം എന്നിവ ഉള്‍പ്പെടുന്ന പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K