21 July, 2021 06:47:40 PM


നിയമവിരുദ്ധ ഗർഭഛിദ്രം: 13 ഭ്രൂണങ്ങൾ പ്ലാസ്റ്റിക് പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ




ഗാന്ധിനഗര്‍: നിയമവിരുദ്ധമായ ഗർഭഛിദ്രം നടത്തിയതിന് തെളിവായി 13 ഭ്രൂണങ്ങൾ പ്ലാസ്റ്റിക് പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ പാടാൻ ജില്ലയിൽനിന്നാണ് ഇത് കണ്ടെത്തിയത്. നേരത്തെ മഹിസാഗർ ജില്ലയിലെ സാന്ദ്രാംപുരിൽ അനധികൃത ഗർഭഛിദ്രം നടക്കുന്നതായി വ്യക്തമാക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേ,ണം ആരംഭിച്ചിട്ടുണ്ട്.


 പാടാൻ ജില്ലയിലെ സിദ്ധ്പൂരിലെ തവാഡിയ ഗ്രാമത്തിനടുത്തുള്ള റോഡിൽ ഇന്നു രാവിലെയാണ് പ്ലാസ്റ്റിക് ബോക്സിൽ 13 ഭ്രൂണങ്ങൾ കണ്ടെത്തിയത്. സംഭവം അറിഞ്ഞു നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  പൊലീസ് അറിയിച്ചതിനെ തുടർന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി. പ്ലാസ്റ്റിക് പെട്ടിയിൽ നിന്ന് ലഭിച്ചതിൽ ഏറെയും മനുഷ്യ ഭ്രൂണങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. 


അതേസമയം ഇത് ഏതെങ്കിലും പ്രസവ ആശുപത്രിയിൽ നിന്നുള്ള മാലിന്യമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിൽ നടപടി ക്രമം പാലിക്കുന്നതിന് പകരം അലക്ഷ്യമായി വലിച്ചെറിഞ്ഞതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെ എരുമകളെ മേയുന്നതിനിടയിൽ ഒരുകൂട്ടം യുവാക്കളാണ് പ്ലാസ്റ്റിക് പെട്ടി കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. റോഡിന് വശത്തുനിന്നാണ് ഇത് ലഭിച്ചത്.


പെട്ടിയിൽ നിറച്ച ഭ്രൂണങ്ങൾ ആയിരുന്നുവെന്ന് തവാഡിയ ഗ്രാമപഞ്ചായത്ത് അംഗം താക്കൂർ അൽപേഷ്ജി പറഞ്ഞു. ഒരു പെട്ടിയിൽ പൂർണ്ണമായും ചത്ത കുഞ്ഞ് ഉണ്ടായിരുന്നു, എന്നാൽ മറ്റേതിലെ അവശിഷ്ടങ്ങൾ ഭ്രൂണങ്ങൾ പോലെയായിരുന്നു. സിദ്ധ്പൂർ ആശുപത്രിയിൽ നിന്നു ഉപേക്ഷിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനൊപ്പം സമീപത്തെ ഏതെങ്കിലും സ്വകാര്യ ക്ലിനിക്കിൽ ഗർഭഛിദ്രം നടത്തുന്നതിന്‍റെ അവശിഷ്ടമാണോ എന്ന സംശവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K