19 July, 2021 02:36:13 PM


പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം: അടിയന്തര പ്രമേയ നോട്ടിസുമായി പ്രതിപക്ഷം



ന്യൂഡല്‍ഹി: പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തത്തി. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ്. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യം.


ജനങ്ങളുടെ സ്വകാര്യത സര്‍ക്കാര്‍ അപകടത്തിലാക്കിയെന്നും നോട്ടിസില്‍. കേന്ദ്രം മറുപടി നല്‍കുമെന്നും വിവരം. രാജ്യസഭയില്‍ സിപിഐയുടെ ബിനോയ് വിശ്വം എംപി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന് വേണ്ടി നോട്ടിസ് നല്‍കിയത് ചീഫ് വിപ്പായ കൊടിക്കുന്നില്‍ സുരേഷാണ്. അതേസമയം ഇന്ധന വില വര്‍ധനവില്‍ കെ മുരളീധരന്‍ എംപി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. ടിഎംസി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് വിഷയത്തില്‍ നോട്ടിസ് നല്‍കി.


വിജ്ഞാപനങ്ങള്‍ പിന്‍വലിച്ച് അഡ്മിനിട്രേറ്ററെ തിരികെ വിളിക്കണമെന്നാണ് ആവശ്യം. അതേസമയം ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര മന്ത്രി അമിത് ഷാ പ്രതികരിക്കണമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. പെഗാസസുമായി ബന്ധമുണ്ടോ എന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കണം. അമിത് ഷാ പ്രതികരിച്ചില്ലെങ്കില്‍ ബിജെപിക്ക് അത് വാട്ടര്‍ഗേറ്റ് പോലെ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K