17 July, 2021 02:12:35 PM


അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം കർണാടകയിലേക്ക്



കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നു. കർണാടകത്തിലെ സ്വത്ത് വിവരങ്ങളും ഇഞ്ചി കൃഷിയെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും. കർണാടകയിലെ സ്വത്ത് വിവരങ്ങൾ തേടി അന്വേഷണസംഘം കർണാടക രജിസ്‌ട്രേഷൻ വിഭാഗത്തെ സമീപിക്കും. വിജിലൻസിന്റെ സ്പെഷ്യൽ സെൽ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവിധ വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ കെ എം ഷാജിക്ക് കർണാടകത്തിലും സ്വത്തുക്കളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തനിക്ക് ഇഞ്ചികൃഷിയിലൂടെയാണ് വരുമാനം ഉണ്ടായതെന്ന് കെ എം ഷാജി അന്വേഷണ സംഘത്തിനോട് മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കണക്കിൽപെടാത്ത പണം ഷാജിക്ക് ലഭിച്ചിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കർണാടകത്തിലേക്ക് നിയമ പരമായി അന്വേഷണം നടത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K